ക്വിറ്റോ (ഇക്വഡോര്‍): 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ക്വിറ്റോ നഗരത്തിൽ തുടക്കമായി. നഗരത്തിലെ ബൈസെന്റെനിയൽ പാർക്കിൽ ആഘോഷമായ വിശുദ്ധ കുർബാനയോടെയായിരുന്നു തുടക്കം. ആർച്ച്ബിഷപ് ഡോ.ആൽഫ്രെഡോ ജോസ് എസ്പിനോസ മാറ്റൂസ് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനമധ്യേ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം 1600 കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടന്നു. 14ന് നഗരവീഥികളിലൂടെ ആയിരങ്ങൾ പങ്കെടുക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും 15ന് നഗരത്തിലെ ബീച്ചിൽ മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കർദിനാൾ കെവിൻ ഫാരലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കർദിനാൾമാർ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അല്മായർ തുടങ്ങി 20,000ത്തോളം പേരാണ് 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്നത്. “സാഹോദര്യം ലോകത്തെ സൗഖ്യപ്പെടുത്തുന്നു’’ എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചതിന്റെ 150-ാം വാർഷികം പ്രമാണിച്ചാണു ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇവിടെ നടക്കുന്നത്.
Source link