ഒഡീഷയിലെ ഗുഹയിൽ ദിവസങ്ങളോളം തങ്ങി കേരളപൊലീസ് ഒടുവിൽ ജാഫറിനെ പിടിച്ചു
തിരുവനന്തപുരം: അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പൊലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് തിരുവനന്തപുരം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും വെള്ളറട പോലീസും ചേർന്ന് അതിസാഹസികമായാണ് അനീസിനെ പിടികൂടിയത്.
കല്ലറ തണ്ണിയം കുഴിവിള സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് ഒഡിഷയിൽ എത്തി സ്ഥിരതാമസമാക്കിയിരുന്നു. മാവോയിസ്റ്റു സ്വാധീനമുള്ള വനമേഖലയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവൻ ആണ് ഇയാൾ. ബാൽഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകൾ. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയുമാണ് ഇയാൾ കഴിഞ്ഞത്.
കഴിഞ്ഞ മാർച്ചിൽ വെള്ളറട ആറാട്ടുകുഴിയിൽ വാഹന പരിശോധനയ്ക്കിടെ 47 കിലോ കഞ്ചാവുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം ജാഫറിലേയ്ക്ക് എത്തിയത്.
കഴിഞ്ഞ അഞ്ചു മാസമായി അന്വേഷണസംഘം ഇയാളുടെ പിന്നാലെ ആയിരുന്നു. രണ്ടു പ്രാവശ്യം ഒഡിഷയിലെ ഗ്രാമത്തിൽ കേരള പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാൾ മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയിലേക്ക് ഉൾവലിയുകയായിരുന്നു. ഇത് മനസ്സിലാക്കിയ അന്വേഷണസംഘം റെയിൽവേ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ബാൽഡ ഗ്രാമത്തിൽ എത്തി. ബാൽഡ ഗുഹയ്ക്കു സമീപം വനത്തിൽ ഒഡിഷ പൊലീസിനെ പോലും അറിയിക്കാതെ ദിവസങ്ങളോളം തങ്ങിയാണ് അതിസാഹസികമായി ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ SP യെ കൂടാതെ നർകോട്ടിക് സെൽ DySP പ്രദീപ് കെ, നെയ്യാറ്റിൻകര DySP ഷാജി എസ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമും വെള്ളറട പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെള്ളറട സബ് ഇൻസ്‌പെക്ടർ റസൽ രാജ് ആർ, CPO ഷൈനു ആർ എസ് , DANSAF സബ് ഇൻസ്‌പെക്ടർ ബിജുകുമാർ ആർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതികുമാർ ആർ, SCPO അനീഷ് കെ ആർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Source link