വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് പി.ടി. ചാക്കോ ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ കിറുകൃത്യമായി നടത്തിയ ചരിത്രമില്ല. ഇന്ത്യയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോഗേന്ദ്ര യാദവിന്റെ പ്രവചനം മാത്രമാണ് ശരിയായത്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ 10 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒന്‍പതും കൃത്യമായി പ്രവചിച്ച ഒരു വിദഗ്ധനുണ്ട്- അലന് ലിക്മന്‍! 1972ല്‍ റിച്ചാര്‍ഡ് നിക്സണ് മുതല്‍ 2020ല്‍ ജോ ബൈഡന്വരെയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇദ്ദേഹം പ്രവചിച്ചത്. ഇത്തവണ അദ്ദേഹത്തിന്റെ പ്രവചനം ആര്‍ക്ക് അനകൂലമായിരിക്കും? 2000ത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് ബുഷും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ഗോറും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ അലന് ലിക്മന്‍ പ്രവചിച്ചത് അല്‍ഗോറിന്റെ വിജയമായിരുന്നു. പക്ഷേ, അദ്ദേഹം തോറ്റു. അന്ന് 60 ലക്ഷം പേര് വോട്ട് ചെയ്ത ഫ്ളോറിഡയില്‍ 537 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ ബുഷ് നിരങ്ങിക്കയറി. അതോടെ ഫ്ളോറിഡയിലെ 25 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബുഷ് വൈറ്റ്ഹൗസിലെത്തി. ഫലപ്രഖ്യാപനം നീണ്ടുപോകുകയും അവസാനം സുപ്രീംകോടതി തീര്‍പ്പാക്കുകയുമായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തീപാറിയ ഈ പോരാട്ടം മാത്രമാണ് അലനു തെറ്റിയത്. തെരഞ്ഞെടുപ്പ് വിശകലന വിശാരദന് എന്നതിനപ്പുറത്ത് പല ഖ്യാതികളും അദ്ദേഹത്തിനുണ്ട്.വാഷിംഗ്ടണ്‍ ഡിസിയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രഫസറാണ്. ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 13 ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം നൂറുകണക്കിനു ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. വോട്ടവകാശം സംബന്ധിച്ച കേസുകളില്‍ പോരാടിയിട്ടുണ്ട്. പത്രങ്ങളിലും ചാനലുകളിലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പതിവാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശകലനം ചെയ്യുന്നത് 13 സൂചികകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ എട്ടെണ്ണം അനുകൂലമായാല്‍ വിജയം ഉറപ്പെന്ന് ഈ 77കാരന് പറയുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, സര്‍ക്കാരിന്റെ കാര്യക്ഷമത, നിലവിലുള്ള പ്രസിഡന്റിന്റെ വ്യക്തിപ്രഭാവം, വിദേശനയത്തിലെ തിരിച്ചടികള്‍, വിദേശനയത്തിലെ നേട്ടങ്ങള്‍ എന്നീ അഞ്ചു സൂചകങ്ങളില്‍ ട്രംപിനു മുന്‍തൂക്കമുണ്ട്. എന്നാല്‍ പ്രൈമറി മത്സരം, മൂന്നാംസ്ഥാനാര്ഥിയുടെ അഭാവം, ഹ്രസ്വകാല സാമ്പത്തികാവസ്ഥ, ദീര്‍ഘകാല സാമ്പത്തികാവസ്ഥ, നയപരമായ മാറ്റങ്ങള്‍, സാമൂഹികമായ സുരക്ഷിതാവസ്ഥ, സാമ്പത്തികാരോപണങ്ങളുടെ അഭാവം, എതിരാളിക്ക് വ്യക്തിപ്രഭാവമില്ലായ്മ തുടങ്ങിയ എട്ടു കാര്യങ്ങളില്‍ കമലയ്ക്കാണു മുന്‍തൂക്കം. അതുകൊണ്ടുന്നെ നവംബർ അഞ്ചിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമല ഹാരീസ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് അലന് ലിക്മന്‍ പ്രവചിക്കുന്നു. അതു ശരിയായാല്‍ 11ല്‍ 10 വിജയം അലന്! അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സ്ഥാനം ഇന്ത്യന്‍ വംശജയായ കമലയ്ക്ക്!
Source link