യുഎസ് ഓപ്പണ്‍ യാനിക് സിന്നർ സ്വന്തമാക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ട്രോഫി ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാനിക് സിന്നറിന്. ഫൈനലിൽ അമേരിക്കയുടെ ടെയ് ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിന്നർ യുഎസ് ഓപ്പണിൽ കന്നിമുത്തം വച്ചത്. 6-3, 6-4, 7-5നായിരുന്നു സിന്നറിന്റെ ജയം. 12-ാം സീഡുകാരനായ ഫ്രിറ്റ്സിനു കാര്യമായ പോരാട്ടം നടത്താൻ സാധിച്ചില്ല. സിൻസിനാറ്റി ഓപ്പണും യുഎസ് ഓപ്പണും ഒരേ സീസണിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് താരമാണ് ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നർ. ആദ്യ ഇറ്റലിക്കാരൻ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ട്രോഫി സ്വന്തമാക്കുന്ന ആദ്യ ഇറ്റലിക്കാരനാണ് യാനിക് സിന്നർ. 2024 ഓസ്ട്രേലിയൻ ഓപ്പണും സിന്നർ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനാകുന്ന ആദ്യ ഇറ്റലിക്കാരനും സിന്നറാണ്. താരത്തിന്റെ അക്കൗണ്ടിൽ ഇതോടെ രണ്ട് ഗ്രാൻസ് ലാം ട്രോഫികളായി. ഓപ്പണ്‍ കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും ഒരു സീസണിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നതിൽ രണ്ടാം സ്ഥാനത്തും സിന്നർ എത്തി. 1974ൽ അമേരിക്കൻ ഇതിഹാസം ജമ്മി കോണേഴ്സ് 22 വർഷവും ആറുദിനവും പ്രായമുള്ളപ്പോൾ ഈ രണ്ട് ട്രോഫിയും സ്വന്തമാക്കിയതാണ് റിക്കാർഡ്. 23 വർഷവും 23 ദിനവും പ്രായമുള്ള സിന്നർ, സ്വിസ് ഇതിഹാസം റോജർ ഫെഡററിനെ (23 വർഷം 35 ദിനം) മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് രണ്ടാമതെത്തിയത്.
ഉത്തരമില്ലാതെ ഉത്തേജനം യുഎസ് ഓപ്പണ്‍ ജേതാവായ യാനിക് സിന്നർ, ഉത്തേജക മരുന്ന് നിഴലിലാണുള്ളത്. ഈ വർഷം മാർച്ചിൽ നടന്ന രണ്ടു പരിശോധനയിൽ സിന്നർ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ, സിന്നർ നേരിട്ട് ഉപയോഗിച്ചതല്ല, ഫിസിയോതെറാപ്പിസ്റ്റിന്റെ പിഴവിലൂടെ ശരീരത്തിൽ കടന്നതാണെന്നായിരുന്നു ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയുടെ (ഐടിഐഎ) കണ്ടെത്തൽ. അതുകൊണ്ടുതന്നെ സിന്നറിനെ വിലക്കിയില്ല. ഓഗസ്റ്റ് 20നാണ് ഐടിഐഎ ഇക്കാര്യം അറിയിച്ചത്. വാഡയ്ക്കും (വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി) നാഡൊ ഇറ്റാലിയയ്ക്കും ഈ നിലപാട് ചോദ്യം ചെയ്യാനുള്ള അവസരമുണ്ട്. എന്നാൽ, തന്റെ ഭാഗം ന്യായീകരിക്കാൻ ശാസ്ത്രീയ തെളിവ് സിന്നറും അദ്ദേഹത്തിന്റെ വക്കീൽ സംഘവും നൽകുമെന്നാണ് വിവരം. ഐടിഐഎയുടെ നിലപാട് വാഡ ചോദ്യം ചെയ്താൽ കാര്യങ്ങൾ കായിക തർക്കപരിഹാര കോടതിക്കു മുന്നിലെത്തും. വിലക്കു വീണാൽ യുഎസ് ഓപ്പണ്‍ ട്രോഫി അടക്കം സിന്നറിനു നഷ്ടപ്പെടാൻ സാധ്യതയുണ്ട്. റഷ്യൻ വനിതാ താരം മരിയ ഷറപ്പോവയാണ് ഉത്തേജക മരുന്നു പരിശോധനയിൽ അവസാനമായി വിലക്ക് നേരിട്ട പ്രമുഖ ടെന്നീസ് താരം. 2016 ജനുവരിയിൽ ഷറപ്പോവയ്ക്ക് രണ്ടു വർഷ വിലക്ക് വീണു. തുടർന്ന് രാജ്യാന്തര കോടതിയിൽ എത്തിയ താരത്തിന്റെ വിലക്ക് 15 മാസത്തേക്കായി മയപ്പെടുത്തിയിരുന്നു.
Source link