KERALAMLATEST NEWS

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സെക്രട്ടറിയേറ്റിന് പുറത്ത് എംജി റോഡിലും യുവമോർച്ച പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. പ്രദേശത്തെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ജലപീരങ്കി പ്രയോഗത്തിനിടെ വീണുപരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേയ്ക്ക് മാറ്റി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആർവൈഎഫും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി.

അതേസമയം, ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. തനിക്കെതിരായ അന്വേഷണത്തിൽ നിരപരാധിയെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്ന് എഡിജിപി കത്തിൽ ആവശ്യപ്പെട്ടു.

നേരത്തെ തന്നെ തൽസ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച് സ‌ർക്കാർ പുറത്തിറക്കിയ ഉത്തരവിൽ കത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

എഡിജിപി എം ആർ അജിത് കുമാറിനെതിരായുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാവുകയാണ്. അജിത്‌കുമാറും ആർഎസ്‌എസ് നേതാവ് റാം മാധവും തമ്മിൽ കോവളത്ത് നടന്ന ചർച്ചയിൽ ബിസിനസുകാർ ഉൾപ്പെടെ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ വർഷം അവസാനമാണ് കോവളത്തെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്‌ച നടന്നത്. എന്നാൽ, തന്റെ സുഹൃത്തായ ആർഎസ്‌എസ് നേതാവ് ജയകുമാറിനൊപ്പം ചർച്ച നടത്തിയപ്പോൾ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു എന്നാണ് അജിത്‌കുമാർ പറഞ്ഞത്. അതിലൊന്ന് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ്. കണ്ണൂർ സ്വദേശിയാണിയാൾ. മറ്റൊരാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


Source link

Related Articles

Back to top button