KERALAMLATEST NEWS

കോഴിക്കോട്ട് ആധുനിക റോഡുകളും വൻകിട ഹോട്ടലുകളും വരണമെന്ന് യൂസഫലി; എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പുനൽകി റിയാസ്

കോഴിക്കോട്: ആധുനിക റോഡുകളും വൻകിട ഹോട്ടലുകളും കോഴിക്കോട് നഗരത്തിൽ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. കോഴിക്കോട് ലുലുമാളിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ നഗരമായ കോഴിക്കോട്ട് ഒരു വലിയ ഹോട്ടൽ ഇല്ലെന്നും അത് താൻ നിർമിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസിനോട് താൻ ഒരിക്കൽ പറഞ്ഞതായും യൂസഫലി പ്രസംഗത്തിൽ സൂചിപ്പിച്ചു. നഗരത്തിൽ നല്ല റോഡുകൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

യൂസഫലിയുടെ ആവശ്യത്തിന് മുന്നിൽ പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും നടപ്പാക്കിയ പദ്ധതികൾ എന്തെല്ലാമെന്ന് മന്ത്രി റിയാസ് തുടർന്ന് ചടങ്ങിൽ വ്യക്തമാക്കി. ഹോട്ടൽ നിർമിക്കാൻ യൂസഫലി തയാറാണെങ്കിൽ മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി.

ലുലുമാളിന്റെ മുന്നിലൂടെ കടന്നുപോകുന്ന കല്ലുത്താൻ കടവ് – മീഞ്ചന്ത റോഡ് ഉൾപ്പെടെ നഗരത്തിലെ 12 റോഡുകൾക്ക് സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും മാസം മുമ്പ് തന്നെ സംസ്ഥാന സർക്കാർ 1300 കോടി രൂപ അനുവദിച്ച കാര്യം മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ പൂർത്തീകരിച്ച് ഈ മാസം 12ന് റോഡുകളുടെയും നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വട്ടക്കിണറിൽ നിന്ന് ആരംഭിച്ച് മീഞ്ചന്ത വഴി അരീക്കോട് ഇറങ്ങുന്ന മേൽപ്പാലത്തിനും ചെറുവണ്ണൂർ മേൽപ്പാലത്തിനുമായി 225 കോടി രൂപ അനുവദിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്‌തതായി മന്ത്രി കൂട്ടിച്ചേർത്തു. യൂസഫലി മുന്നോട്ടുവച്ച ഹോട്ടൽ ഉൾപ്പെടെ, തൊഴിലവസരങ്ങൾ ലഭ്യമാകുന്ന വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ മെറിറ്റ് അടിസ്ഥാനത്തിൽ എല്ലാ സഹായവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button