KERALAMLATEST NEWS

കോഴിക്കോട്ട് ലുലു മാൾ തുറന്നു,​ മലബാറിന് ഓണസമ്മാനം

കോഴിക്കോട് : മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി കോഴിക്കോട് മാങ്കാവിൽ ലുലു മാൾ തുറന്നു. ലോകോത്തര ഷോപ്പിംഗിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് ഉദകുംവിധമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാൾ മൂന്നു നിലകളിലായാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

മലബാറിന്റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ. യൂസഫലി നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണ് മാൾ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച ടൂറിസ്റ്റ് ഡെസിറ്റിനേഷൻ സാദ്ധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പെടെ നഗരത്തിലെ 12 റോഡുകൾക്ക് സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ വലിയ പദ്ധതികൾ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിനു വേണ്ട എല്ലാ സഹായവും നൽകുമെന്നും യൂസഫലി പറഞ്ഞു. എം.കെ. രാഘവൻ എം.പിയുടെ ആശംസാസന്ദേശം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ.ജയന്ത് വായിച്ചു.

ഇന്നു മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറക്കുന്നത്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി ആൻഡ് സി.ഇ.ഒ അദീബ് അഹമ്മദ്, ഐ.ടി സംരംഭകൻ ഷരൂൺ ഷംസുദ്ദീൻ , ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്‌സ് തുടങ്ങിയവരും പങ്കെടുത്തു.


Source link

Related Articles

Back to top button