അമ്മാൻ: അധിനിവേശ വെസ്റ്റ്ബാങ്ക് – ജോർദാൻ അതിർത്തിയിലുണ്ടായ വെടിവയ്പിൽ മൂന്ന് ഇസ്രേലി പൗരന്മാർ കൊല്ലപ്പെട്ടു. ജോർദാനും വെസ്റ്റ്ബാങ്കിനും ഇടയിലുള്ള ഏക ഔദ്യോഗിക ചെക് പോസ്റ്റായ അല്ലെൻബി പാലത്തിലായിരുന്നു സംഭവം. ജോർദാൻ ഭാഗത്തുനിന്നു ട്രക്കിലെത്തിയ അക്രമി പുറത്തിറങ്ങി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ വകവരുത്തിയതായി ഇസ്രേലി സേന അറിയിച്ചു. ജോർദാനിൽനിന്നു വെസ്റ്റ് ബാങ്കിലേക്കു വരുന്ന വാഹനങ്ങൾ പരിശോധനയ്ക്കായി സാധനങ്ങൾ ഇറക്കുന്ന സ്ഥലത്താണു വെടിവയ്പുണ്ടായത്. ഇസ്രേലി നിയന്ത്രണത്തിലുള്ള ഭാഗത്തേക്കു വന്ന അക്രമി മൂന്നു തവണ വെടിയുതിർക്കുന്നതിന്റെയും ഇസ്രേലി സുരക്ഷാ ഭടന്മാർ ഇയാളെ വെടിവച്ചുകൊല്ലുന്നതിന്റെയും വീഡിയോ പുറത്തുവന്നു.
മരിച്ച ഇസ്രേലികൾ അന്പതിനു മുകളിൽ പ്രായമുള്ളവരാണ്. സംഭവത്തിനു പിന്നാലെ ജോർദാന്റെ ഭാഗത്തെ അതിർത്തി അടച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജോർദാൻ അറിയിച്ചു. കരമാർഗം ജോർദാനിലേക്കുള്ള എല്ലാ വഴികളും ഇസ്രയേലും അടച്ചു.
Source link