മുസിയാല മിന്നി
ഡുസൽഡോർഫ്/ഐന്തോവൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് എ മൂന്നിൽ ജർമനിക്കും നെതർലൻഡ്സിനും വൻ ജയം. ഗോളടിച്ചും അടിപ്പിച്ചും കളിച്ച ജമാൽ മുസിയാലയുടെ മികവിൽ ജർമനി 5-0ന് ഹംഗറിയെ പരാജയപ്പെടുത്തി. മൂന്നു ഗോളിന് അസിസ്റ്റ് നൽകിയ മുസിയാല 58-ാം മിനിറ്റിൽ വലകുലുക്കി. നികോളസ് ഫുൾക്രുഗ് (27’), ഫ്ളോറിൻ വിർട്സ് (66’), അലക്സാണ്ടർ പാവ്ലോവിച്ച് (77’), കെയ് ഹവാർട്സ് (81’ പെനാൽറ്റി) എന്നിവരാണ് മറ്റ് സ്കോറർമാർ. തോമസ് മ്യൂളർ, ടോണി ക്രൂസ്, മാനുവൽ നോയർ എന്നിവർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിച്ചതോടെ 2014 ലോകകപ്പ് ജയിച്ച കളിക്കാർ ആരുമില്ലാതെ പുതിയ ജർമനിയാണ് കളത്തിലെത്തിയത്. സിർക്സിക്ക് ഗോൾ ഗ്രൂപ്പ് എ മൂന്നിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് തുടക്കത്തിൽ ഒന്നു പതറിയെങ്കിലും അവസാനം 5-2ന്റെ ജയത്തോടെ കളംവിട്ടു. നെതർലൻഡ്സിന്റെ ആദ്യ പതിനൊന്നിൽ ആദ്യമായി ഇടംപിടിച്ച ജോഷ്വ സിർക്സി തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. 13-ാം മിനിറ്റിൽ സിർക്സിയാണ് നെതർലൻഡ്സിനെ മുന്നിലെത്തിച്ചത്. എന്നാൽ, എർമെദിൻ ഡെമിറോവിച്ച് (27’) ബോസ്നിയയ്ക്കു സമനില നൽകി. ആദ്യപകുതിയുടെ ഇടവേളയ്ക്കു പിരിയുംമുന്പേ ടിയാനി റീൻഡേഴ്സ് (45+2’) നെതർലൻഡ്സിനു ലീഡ് നൽകി. 56-ാം മിനിറ്റിൽ കോഡി ഗാക്പോ ലീഡ് ഉയർത്തി. വൗട്ട് വെഗോർസ്റ്റിൻ (88’), സാവി സൈമണ് (90+2’) എന്നിവരാണ് മറ്റ് സ്കോർമാർ.
ഇംഗ്ലണ്ടിനു ജയം ഗ്രൂപ്പ് ബി രണ്ടിൽ ഇംഗ്ലണ്ടിനു ജയം. താത്കാലിക പരിശീലകനായി ചുമതലയേറ്റ ലീ കാഴ്സ്ലിയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 2-0ന് അയർലൻഡിനെ പരാജയപ്പെടുത്തി. അയർലൻഡിന്റെ മുൻ കളിക്കാനാണ് കാഴ്സ്ലി. ഡെക് ലാൻ റൈസ് (11’), ജാക് ഗ്രീലിഷ് (26’) എന്നിവരാണ് ഗോൾ നേടിയത്. രണ്ടുപേരും ഐറിഷ് വേരുകൾ ഉള്ളവരാണ്. റൈസ് അയർലൻഡിനായി മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പിന്നീടാണ് ഇംഗ്ലണ്ടിലേക്കു മാറിയത്. ഗ്രീലിഷ് അർലൻഡിന്റെ യൂത്ത് ടീമുകളിലും കളിച്ചിരുന്നു.
Source link