ജോയിയുടെ അമ്മയ്‌ക്ക് വീട്; തിരുവനന്തപുരം കോർപ്പറേഷൻ നൽകിയ ശുപാർശയ്‌ക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്‌ക്ക് വീട് വച്ചു നൽകും. തിരുവനന്തപുരം കോർപ്പറേഷൻ നൽകിയ ശുപാർശയ്‌ക്ക് സർക്കാർ അനുമതി നൽകി. മൂന്ന് സെന്റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം. സബ്‌സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപ്പറേഷനാണ് ജോയിയുടെ അമ്മയ്‌ക്ക് വീട് വച്ചു നൽകുക.

ജോയിയുടെ കുടുംബത്തിന് നേരത്തേ പത്ത് ലക്ഷം രൂപ കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്‌ക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചത്. ജൂലായ് 13ന് രാവിലെയാണ് മാരായമുട്ടം സ്വദേശിയായ ജോയിയും മറ്റ് മൂന്ന് തൊഴിലാളികളും തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽ കാണാതാവുകയായിരുന്നു. സ്‌കൂബാ ഡൈവർമാർ, കേരള ഫയർ ഫോഴ്‌സ് അംഗങ്ങൾ, റോബോട്ട് തുടങ്ങിയവ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.

48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ തകരപ്പറമ്പ് – വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോറോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


Source link
Exit mobile version