ഫ്രാൻസിസ് മാർപാപ്പ വാനിമോയിലെത്തിയത് ഒരു ടൺ മരുന്നുമായി
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഇന്നലെ എത്തിയത് ഒരു ടൺ മരുന്നും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. നിരക്ഷരരും ദരിദ്രരുമായ 11,000 പേരാണ് തലസ്ഥാനനഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലുള്ളത്.
അർജന്റീനയിൽനിന്നുള്ള നിരവധി മിഷനറിമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച് ഈ ദരിദ്രജനവിഭാഗങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്നത്. മേഖലയിലെ മിഷനറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി. വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാനനഗരിയിൽ മടങ്ങിയെത്തിയ മാർപാപ്പ ഇന്ന് കിഴക്കൻ ടിമോറിലേക്കു തിരിക്കും. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. 13ന് വത്തിക്കാനിലേക്ക് മടങ്ങും.
Source link