തിരുവനന്തപുരം:ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിൽ ഉൾപെട്ടവരും സ്വന്തമായി വീടില്ലാത്തവരുമായ, അതിദാരിദ്ര്യ പട്ടികയിലുള്ളവർക്ക് വീട് നിർമാണം പൂർത്തിയാകുന്നതുവരെ താമസസൗകര്യമൊരുക്കുന്നതിന് വീടുകൾ/കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമാണം പൂർത്തിയാകുന്നതു വരെയാണ് വാടകക്ക് താമസസൗകര്യം ഒരുക്കുക.
ഉപയോഗിക്കാതെ കിടക്കുന്ന വാസയോഗ്യമായ കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തും. പഞ്ചായത്ത് പ്രദേശങ്ങളിൽ 5000 രൂപയും മുൻസിപ്പൽ പ്രദേശങ്ങളിൽ 7000 രൂപയും കോർപ്പറേഷൻ പ്രദേശങ്ങളിൽ 8000 രൂപയുമാണ് പരമാവധി നൽകുന്ന വാടക. പരമാവധി രണ്ട് വർഷത്തേക്ക് ഇത്തരത്തിൽ വീടുകൾ വാടകക്കെടുത്ത് നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത്. ഇങ്ങനെ വാടക നൽകുന്നതിന് ആവശ്യമായ തുക വാർഷിക പദ്ധതിയിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ് വഴിയോ കണ്ടെത്തി വകയിരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് അറിയിച്ചു.
സാധാരണക്കാരന് ആശ്വാസമേകുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്ന് ദിവസങ്ങൾക്കകമാണ് ഈ പ്രഖ്യാപനം . ഫ്രണ്ട് യാർഡിൽ ഇളവ് പ്രഖ്യാപിച്ചതോടെ നഗര മേഖലകളിൽ ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാർത്ഥ്യമാകും. വലിയ വില നൽകേണ്ട നഗരങ്ങളിലെ ഭൂമിയിൽ കുറഞ്ഞ അളവിൽ ഭൂമി വാങ്ങി ചെറിയ വീട് നിർമ്മിക്കുകയെന്നതാണ് സാധാരണക്കാർ ലക്ഷ്യമിടുക. എന്നാൽ പ്രധാന റോഡിൽ നിന്ന് പാലിക്കേണ്ട ദൂരത്തിൽ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതാണ് സാധാരണക്കാരന് ഗുണകരമാകുന്നത്.
Source link