കേരളകൗമുദി വാർത്ത തുണയായി,​ ബിജുവിന് വീടും സ്ഥലവും ഇന്ന് കൈമാറും

തിരുവനന്തപുരം: തലസ്ഥാന നഗരമദ്ധ്യത്തിൽ തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിൽ ദുരിതജീവിതം നയിച്ചിരുന്ന ബിജു ഉൾപ്പെടെ ഏഴംഗ കുടുംബത്തിന് നാല് സെന്റ് പുരയിടവും വീടും ഇന്ന് കൈമാറും. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി. മൺറോതുരുത്ത് മാൻഗ്രോവ് ഹോളിഡേയ്സ് റിസോർട്ട്സിൽ ഇന്നു വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കുന്നത്തൂർ മണ്ഡലം എം.എൽ.എ കോവൂർ കുഞ്ഞുമോൻ ബിജുവിനും കുടുംബത്തിനും വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കും. മുൻ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ വസ്തുവിന്റെ പ്രമാണം കൈമാറും.

മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാ‌ർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മുഖ്യാതിഥി കൂടിയായ ശിവഗിരി മഠം സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബിനു കരുണാകരൻ, ഗ്രാമ പഞ്ചായത്തംഗം പ്രസന്നകുമാർ,കേരള കൗമുദി ലേഖകൻ പി.കെ.ശ്രീകുമാ‌ർ, ബിജു എന്നിവർ സംസാരിക്കും.

കേരളകൗമുദി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട കൊല്ലം ഐലന്റ് മൺറോതുരുത്ത് ദാസ് വിലാസത്തിൽ ദാസനാണ് ബിജുവിനും കുടുംബത്തിനും അഭയമൊരുക്കുന്നത്. കേരളകൗമുദിയുമായി ബന്ധപ്പെട്ടാണ് ദാസൻ സഹായം വാഗ്ദാനം ചെയ്തത്.കൊല്ലം മൺറോതുരുത്തിൽ തന്റെ കുടുംബവീടും വസ്തുവിന്റെ ഒരു ഭാഗവും ബിജുവിനും കുടുംബത്തിനുമായി ദാസൻ നീക്കിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ 14നാണ് കൈതമുക്ക് സ്വദേശി ബിജുവിന്റെ ദുരിതജീവിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. കെട്ടിട നിർമ്മാണത്തിനിടെ വീണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ബിജുവിനെ വഴിയാധാരമാക്കിയത്. ചികിത്സയ്ക്കായി ഏറെ പണം ചെലവാക്കേണ്ടിവന്നതോടെ കിടപ്പാടം വിൽക്കേണ്ടിവന്നു. അതോടെ, തന്നെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ബിജു ഫ്ലൈ ഓവറിനടിയിൽ തലചായ്ക്കാൻ ഇടം കണ്ടെത്തുകയായിരുന്നു.


Source link
Exit mobile version