ഒന്നും പുറത്തുപോകരുത്, പരമരഹസ്യമായിരിക്കണം: എഡിജിപിക്കെതിരായ അന്വേഷണത്തിൽ കർശന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ എഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘാംഗങ്ങൾ ആരാണെന്ന വിവരം പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. എഡിജിപിയുടെ വീട് നിർമ്മാണവും, ആർഎസ്എസ് നേതാവിനെ കണ്ടതും ഉൾപ്പെടെ സകലതും അന്വേഷണ പരിധിയിലുണ്ട്. അതിനാലാണ് അന്വേഷണം അതീവ ഗൗരവത്തിലാക്കാൻ നിർദ്ദേശിച്ചത്. കോവളത്തുവച്ച് അജിത്കുമാർ ആർഎസ്എസ് ദേശീയ വക്താവായിരുന്ന ആർ റാംമാധവിനെ കണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അതിനിടെ, അന്വേഷണ സംഘത്തിലെ താഴ്ന്ന ഉദ്യാേഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എംആർ.അജിത് കുമാറിന്റെ കത്തിൽ തുടർ നടപടികൾ വേണ്ടെന്ന നിർദ്ദേശവും ഡിജിപി നൽകിയിട്ടുണ്ട്. കത്തിനെത്തുടർന്ന് ഉത്തരവിറക്കിയാൽ അത് ചട്ടവിരുദ്ധമാകുമെന്ന് കണ്ടതിനാലാണിത്. താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുള്ളതിനാൽ എങ്ങനെ അന്വേഷണം മുന്നോട്ടുപോകും എന്ന ചോദ്യം ഉയർന്നതോടെയാണ് ചട്ടവിരുദ്ധമായ നിർദ്ദേശം എഡിജിപി ഇറക്കിയത്. ഇത് സംബന്ധിച്ച ഉത്തരവിറക്കണം എന്നും ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു.അത്തരത്തിൽ ഉത്തരവിറക്കിയാൽ അത് നിയമ പ്രശ്നങ്ങളിലേക്ക് എത്തും എന്നുകണ്ടതിനാലാണ് ഉത്തരവിറക്കേണ്ടെന്ന് തീരുമാനിച്ചത്.

അതേസമയം, അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്നും മാ​റ്റിയില്ല. അജിത്ത് നാലുദിവസം അവധിയിൽ പോകുന്നുണ്ട്. പക്ഷേ, അത് സെപ്തംബർ14 മുതൽ 17 വരെയാണ്.


Source link
Exit mobile version