തിരുവനന്തപുരം: ഗ്രൗണ്ട് ഹാൻഡലിംഗ് ജീവനക്കാരുടെ സമരം മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു സർവീസും റദ്ദാക്കിയിട്ടില്ലെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പടെയുള്ള യാത്രക്കാരെ പണിമുടക്ക് കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.
ലെഗേജ് ക്ലിയറൻസ് ഒരുമണിക്കൂറോളം വൈകുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇന്നലെ രാത്രി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ അരമണിക്കൂറോളം വൈകിയിരുന്നു.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യാന്തര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർത്തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ രാത്രി 10 മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. കേന്ദ്ര ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ പലതവണ ചർച്ച നടന്നെങ്കിലും നടപടിയെടുക്കാത്തതിനെത്തുടർന്നാണ് സമരമെന്നാണ് സംയുക്ത യൂണിയൻ നേതാക്കൾ അറിയിക്കുന്നത്.
നാനൂറോളം ജീവനക്കാരാണ് സമരത്തിനുള്ളത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് യൂണിയനുകളുടെ തീരുമാനം. സമരം ഒത്തുതീർപ്പിലാക്കാനുളള നടപടികൾ അധികൃതർ ആരംഭിച്ചോ എന്ന് വ്യക്തമല്ല. ഓണക്കാലത്ത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എത്രയും പെട്ടെന്ന് സമരം ഒത്തുതീർപ്പാക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Source link