KERALAMLATEST NEWS

തിരുവനന്തപുരത്ത് ഇന്നും കുടിവെള്ളമെത്തില്ല, ലീക്കുകാരണം പമ്പിംഗ് നിറുത്തിവച്ചു

തിരുവനന്തപുരം: നഗരത്തിൽ മൂന്ന് ദിവസമായി തുടരുന്ന ശുദ്ധജല ക്ഷാമത്തിന് ഇന്നും പരിഹാരമാവില്ല. ഇന്നുപുലർച്ചെ ഭാഗികമായി പമ്പിംഗ് തുടങ്ങിയെങ്കിലും വാൽവിൽ ലീക്ക് കണ്ടതോടെ നിറുത്തിവയ്ക്കുകയായിരുന്നു. പൈപ്പിടൽ ജോലിയും പൂർത്തിയായിട്ടില്ല. ഇതോടെ ജനം ഇന്നും കടുത്ത ബുദ്ധിമുട്ടിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കുമുമ്പ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ ഉറപ്പുനൽകിയിരുന്നത്. വെള്ളമില്ലാത്തതിനാൽ പലയിടത്തും ജനങ്ങൾ പ്രതിഷേധത്തിലാണ്.

തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലെ 500 എം.എം,700 എം.എം പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി നിറുത്തിവച്ച പമ്പിംഗ് ഇന്നലെ ഭാഗികമായി പുനരാരംഭിച്ചെങ്കിലും പിന്നീട് നിറുത്തിവയ്‌ക്കുകയായിരുന്നു.

പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പണി നടക്കുന്നതിനാൽ അരുവിക്കരയിലെ 74 എം.എൽ.ഡി,75 എം.എൽ.ഡി പ്ലാന്റുകളിൽ നിന്നുള്ള ജലവിതരണം കഴിഞ്ഞ ദിവസങ്ങളിൽ നിറുത്തിവച്ചിരുന്നു.വെള്ളിയാഴ്ച രാത്രിയോടെ 75 എം.എൽ.ഡി പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി. ഇന്നലെ രാവിലെ 9ഓടെ 74 എം.എൽ.ഡി പ്ലാന്റിൽ നിന്നുള്ള ജലവിതരണം കൂടി ആരംഭിച്ചെങ്കിലും ഉച്ചയ്‌ക്ക് ഒന്നോടെ ജലവിതരണം നിറുത്തിവയ്‌ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

വിതരണ പൈപ്പ് ഇടയ്ക്കുവച്ച് അടച്ച ശേഷമാണ് പമ്പിംഗ് ആരംഭിച്ചത്. ഈ പൈപ്പിൽ മർദ്ദം തിരിച്ചുണ്ടാകുന്നതിനാലാണ് പമ്പിംഗ് നിറുത്തിയത്. വെള്ളയമ്പലം വരെയുള്ള താഴ്ന്ന ചില മേഖലകളിൽ ഭാഗികമായി വെള്ളം ലഭിച്ചെങ്കിലും പമ്പിംഗ് നിറുത്തിയതോടെ അതും മുടങ്ങി.അറ്റകുറ്റപ്പണി നീളുന്നതിനാൽ 33 വാർഡുകളിൽ പൂർണമായും 11 വാർഡുകളിൽ ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങി.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകൾ ഓരോ ലോഡ് വെള്ളം വീതം വാർഡുകളിലെത്തിച്ചെങ്കിലും അതുതികയാതെ വന്നതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലായി. പൂന്തുറ വാർഡിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വാട്ടർ ടാങ്കറിൽ വെള്ളമെത്തിച്ച് ജലവിതരണം നടത്തി. പൂർണമായും പമ്പിംഗ് തുടങ്ങുന്നത് വരെ ഈ പ്രദേശങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.വെള്ളം കിട്ടാതായതോടെ കുപ്പിവെള്ള വില്പന പാെടിപൊടിച്ചു. മിക്കവീടുകളിലും ഒന്നിലധികം ക്യാനുകളാണ് വാങ്ങിയത്. വണ്ടികളിൽ എത്തിച്ചായിരുന്നു വില്പന.

അതിനിടെ, ജല അതോറിട്ടിയും സ്‌മാർട്ട്സിറ്റിയും റോഡ് ഫണ്ട് ബോർഡും പരസ്‌പരം പഴിചാരി പ്രശ്‌നം സങ്കീർണമാക്കുകയാണെന്ന് ആന്റണി രാജു എം.എൽ.എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകൾ മാറ്റുമ്പോഴും പ്ലാന്റുകളുടെ പ്രവർത്തനം നിറുത്തുമ്പോഴും സ്‌മാർട്ട്സിറ്റി പദ്ധതിയുടെ നിർമ്മാണത്തിന്റെ പേരിലും ജലവിതരണം നിറുത്തുമ്പോഴും ബദൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button