നടൻ ബാബുരാജിനെതിരായ പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയെ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ വച്ചും ഇടുക്കി കമ്പിലെെനിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. നിലവിൽ കേരളത്തിന് പുറത്തുള്ള യുവതി ഇ-മെയിൽ വഴിയാണ് പൊലീസിന് പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി അടിമാലി പൊലീസിന് കെെമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതി ബാബുരാജിന്റെ മുന്നാറിലെ റിസോർട്ടിലെ മുൻജീവനക്കാരിയായിരുന്നു.

‘ഡിഗ്രി പഠനത്തിന് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസിലാക്കി ‘കൂദാശ’ എന്ന സിനിമയിൽ ചെറിയൊരു വേഷം നൽകി. പുതിയൊരു സിനിമയുടെ ചർച്ചയ്‌ക്കെന്ന് പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ വീട്ടിലെത്തിയപ്പോൾ ബാബുരാജും ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാരുമില്ലേയെന്ന് ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് മുറിലേക്ക് എത്തി അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്ന് പറഞ്ഞ് വിളിച്ചെങ്കിലും ഞാൻ വിസമ്മതിച്ചു’,- യുവതിയുടെ പരാതി.


Source link
Exit mobile version