KERALAMLATEST NEWS

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം; ബാഗിനകത്ത് സ്‌പൂണും മറ്റ് സാധനങ്ങളും

തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ. തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിലാണ് ഇന്ന് രാവിലെ 8.45ഓടെ സുരക്ഷാ ജീവനക്കാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ സ്റ്റേഷന്റെ മദ്ധ്യഭാഗത്തുള്ള മേൽപ്പാലത്തിൽ ലിഫ്റ്റിനോട് ചേർന്നാണ് ബാഗ് കണ്ടത്. തുടർന്ന് ശോഭ എന്ന ജീവനക്കാരി ബാഗ് പരിശോധിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടതോടെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ജനിച്ച് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് നിഗമനം. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാർ തുടർന്ന് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

വളരെ ചെറിയ ബാഗിലാണ് കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ബാഗിനകത്ത് സ്‌പൂണും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button