പണം വാഗ്‌ദാനം ചെയ്ത് നടിയോട് സെക്സ് ആവശ്യപ്പെട്ടു: ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ
തിരുവനന്തപുരം: നടിക്ക് പണം വാഗ്‌ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. ഇതിനെ എതിർത്തതുകൊണ്ടാണ് സിനിമയിൽ നിന്ന് വിലക്കിയതെന്നും സൗമ്യ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ സദാനന്ദൻ.
എന്റെ പുഞ്ചിരി തിരിച്ചുതന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പോടെയാണ് സിനിമയിൽ തനിക്ക് അനുഭവിക്കേണ്ട വന്ന ദുരനുഭവം പങ്കുവച്ചത്. സിനിമയിലെ നല്ല ആൺകുട്ടികൾക്കുപോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ പ്രധാന നടനും സഹനിർമാതാവും അനുവാദമില്ലാതെ എഡിറ്റുചെയ്തെന്നും സൗമ്യ ആരോപിക്കുന്നുണ്ട്. ആദ്യ സിനിമയ്ക്കുശേഷം മറ്റുപ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ല. പുതിയ പ്രോജക്ടുമായി വനിതാ നിർമ്മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഹേമക്കമ്മിറ്റിക്കുമുന്നിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സോഷ്യൽമീഡിയ പോസ്റ്റിൽ സൗമ്യ വ്യക്തമാക്കി.
അതിനിടെ, നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയെ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ വച്ചും ഇടുക്കി കമ്പിലെെനിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
Source link