തിരുവോണ വിളംബരമായി അത്തച്ചമയം
തൃപ്പൂണിത്തുറ: രാജവിളംബരത്തെ അനുസ്മരിപ്പിച്ച് പെരുമ്പറ മുഴക്കി അത്തച്ചമയത്തിന് തുടക്കമായി. തിരുവോണത്തിന്റെ വരവറിയിക്കുന്ന ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയെ ആഘോഷത്തിമിർപ്പിലാക്കി. പരമ്പരാഗത കലാരൂപങ്ങളും മാവേലിമാരും പ്രച്ഛന്നവേഷങ്ങളും വീഥികൾ നിറഞ്ഞാടി. സമകാലിക സംഭവങ്ങളും പുരാണങ്ങളും പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളും പകിട്ടേറ്റി. ആനയും മേളക്കൊഴുപ്പും നിറഞ്ഞ സാംസ്കാരിക ഘോഷയാത്രയിൽ പങ്കുചേരാൻ ആളുകൾ ഒഴുകിയെത്തി.
വയനാട്ടിലെ ദുരിതബാധിതർക്കായി ആദരവ് അർപ്പിച്ച് ആരംഭിച്ച ഘോഷയാത്ര നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. കൊച്ചി രാജാവിന്റെ കാലത്തെ അത്തച്ചമയമാണ് അതേ പ്രൗഢിയോടെ ജനകീയാഘോഷമായി ഇപ്പോഴും തുടരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തൃപ്പൂണിത്തുറ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ കലാപരിപാടികളും വ്യാപാരമേളകളും തുടരും. പ്രസിദ്ധമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിനും ഇന്നലെ രാത്രി കൊടിയേറി. തിരുവോണ സദ്യയോടെയാണ് പത്ത് ദിവസത്തെ ഉത്സവത്തിന് സമാപനം കുറിക്കുക.
Source link