KERALAMLATEST NEWS

യുവാവിന്റെ കൊലപാതകം: മൂന്നുപേർ പിടിയിൽ

അങ്കമാലി: ഗുണ്ടാസംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺകുമാർ (36),താബോർ അരണാട്ടുകരക്കാരൻ വീട്ടിൽ ജിനേഷ് (40),കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ (33) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.
പ്രധാന പ്രതികളായ സതീഷും മറ്റു രണ്ടുപേരും ഒളിവിലാണ്. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടിൽ പരേതനായ ബാബുവിന്റെയും ജലജയുടെയും മകൻ രഘുവാണ് (35) മരിച്ചത്. കളമശേരി ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മൂലേപ്പാറ ശ്മശാനത്തിൽ സംസ്‌കരിച്ചു. തലയിലെ ആന്തരിക രക്തസ്രാവവും ശ്വാസനാളത്തിലെ പൊട്ടലുമാണ് മരണത്തിന് കാരണമെന്നും ശക്തിയോടെ കഴുത്തിൽ ഞെക്കിപ്പിടിച്ചതിനെ തുടർന്ന് ശ്വാസനാളം പൊട്ടിയെന്നും റിപ്പോർട്ടിലുണ്ട്.

ബുധനാഴ്ച തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം രഘുവിനെ മുന്നൂർപ്പിള്ളിയിൽ സുഹൃത്ത് സുജിത്തിന്റെ വീടിന് സമീപം രാത്രിയിൽ കൊണ്ടുവന്നിറക്കുകയായിരുന്നു. രഘുവിനെ സുജിത്തിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ചാരായം കടത്തിയെന്ന്

ആരോപിച്ച് മർദ്ദനം

നിരവധി കേസുകളിൽ പ്രതിയായ കട്ടിംഗ് സതീഷിന്റെയും കൂട്ടാളികളുടെയും പേരിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വാറ്റ് ചാരായം

രഘുവും കൂട്ടുകാരും കടത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. രഘുവിന്റെ രണ്ട് സുഹൃത്തുകളെ നേരത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. ഇതിലൊരാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടിൽ നിന്ന് പഴയ രണ്ട് എയർഗണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതി സതീഷ് സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.


Source link

Related Articles

Back to top button