യാഗി ചുഴലിക്കൊടുങ്കാറ്റ് : വിയറ്റ്നാമിൽ കനത്ത നാശം
ഹാനോയ്: വടക്കൻ വിയറ്റ്നാമിൽ കനത്ത നാശം വിതച്ച് യാഗി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി നാലുപേർ മരിച്ചതായും 78 പേർക്കു പരിക്കേറ്റതായുമാണ് ഔദ്യോഗിക റിപ്പോർട്ട്. ഹായ് ഫൊംഗ്, ഖ്വാംഗ് നിൻഹ് പ്രവിശ്യകളിലാണ് മണിക്കൂറിൽ 203 കിലോമീറ്റർ വേഗത്തിലുള്ള ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ രാവിലെ ആഞ്ഞുവീശിയത്. മരങ്ങൾ കടപുഴകി വീണും മറ്റും തലസ്ഥാനമായ ഹാനോയിയിലടക്കം കനത്ത നാശമുണ്ടായി. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഹാനോയി നഗരത്തിൽ ഇരുനില കെട്ടിടം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു ദശലക്ഷം ജനങ്ങൾ താമസിക്കുന്ന വടക്കൻ തീരദേശ നഗരമായ ഹായ് ഫൊംഗിലാണ് കൂടുതൽ നാശമുണ്ടായത്. ഹാനോയ് നഗരത്തിലടക്കം രാജ്യത്തെ 12 വടക്കൻ പ്രവിശ്യകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. മേഖലയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനവും ഇന്നലെ നിർത്തിവച്ചു.
ചുഴലിക്കൊടുങ്കാറ്റ് ദുർബലമായി ഇന്നു വൈകുന്നേരത്തോടെ ലാവോസിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യാഗി ചുഴലിക്കൊടുങ്കാറ്റ് ചൈനയിലും കനത്ത നാശമുണ്ടാക്കി. ഹെയ്നാൻ ദ്വീപിൽ മൂന്നുപേർ മരിക്കുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു. നാലു ലക്ഷത്തോളം പേരെ സർക്കാർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
Source link