കേരള സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്സിക്കു ജയം
കൊച്ചി: കേരള സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടനത്തിൽ ഡബിൾ സൂപ്പറായി മലപ്പുറം എഫ്സി. ആതിഥേയരായ ഫോഴ്സ കൊച്ചിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് മലപ്പുറം എഫ്സി കീഴടക്കി ലീഗിലെ ആദ്യജയം സ്വന്തമാക്കി. സ്പാനിഷ് സ്ട്രൈക്കർ പെഡ്രോ മാൻസിയും ഫസലു റഹ്മാനും മലപ്പുറത്തിനായി ലക്ഷ്യം കണ്ടു. ആർത്തിരന്പുന്ന കാണികൾക്ക് മുന്നിൽ കളി തുടങ്ങി മൂന്നാം മിനിറ്റിൽ ഫോഴ്സ കൊച്ചിയുടെ പ്രതിരോധക്കോട്ട തകർത്ത് മലപ്പുറം വല കുലുക്കി. ഇടതുവിംഗിലേക്കെത്തിയ പന്ത് കോർണറിന് സമീപത്തുനിന്ന് ഫസലു റഹ്മാൻ പെനാൽറ്റി ബോക്സിലേക്ക് തൊടുത്തുവിട്ടു. കാത്തുനിന്ന പെഡ്രോ മാൻസി തല കൊണ്ട് പന്ത് വലയിലെത്തിച്ചു. കൊച്ചിയുടെ ഗോൾകീപ്പർക്കും രണ്ട് പ്രതിരോധതാരങ്ങൾക്കും കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ സൂപ്പർ ലീഗ് കേരളയിലെ ആദ്യ ഗോൾനേട്ടം സ്പാനിഷുകാരന്റെ പേരിലായി.
ഗോൾ വഴങ്ങിയതോടെ കൊച്ചി ഉണർന്നു കളിച്ചു. കളിയുടെ 16-ാം മിനിറ്റിൽ സമനിലയ്ക്കുള്ള അവസരം ലഭിച്ചെങ്കിലും ആതിഥേയർക്കതു മുതലാക്കാനായില്ല. ഗോളിനായുള്ള നിജോ ഗിൽബെർട്ടിന്റെ ശ്രമം മലപ്പുറം ഗോളി മിഥുൻ കൈയിലൊതുക്കി. 40-ാം മിനിറ്റിൽ മലപ്പുറം ലീഡുയർത്തി. ആദ്യ ഗോളിനു വഴിയൊരുക്കിയ ഫസലു റഹ്മാന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതിക്കു പിരിയും മുന്പ് കൊച്ചിക്ക് ഗോൾ നേടാൻ വീണ്ടും അവസരം ലഭിച്ചെങ്കിലും പഴാക്കി. രണ്ടാം പകുതിയിൽ കൊച്ചി ആക്രമിച്ചെങ്കിലും മലപ്പുറത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. 4-3-3 ശൈലിയിലാണ് മലപ്പുറം പടയെ പരിശീലകൻ ജോണ് ഗ്രിഗറി ഇറക്കിയത്.
Source link