പാർട്ടിയേക്കാൾ വലുത് രാജ്യം: വോട്ട് കമലയ്ക്കെന്ന് ഡിക് ചെയ്നി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാവും മുൻ വൈസ് പ്രസിഡന്റുമായ ഡിക് ചെയ്നി. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെപ്പോലെ അമേരിക്കയ്ക്കു ഭീഷണി ഉയർത്തുന്ന മറ്റൊരാൾ ഇല്ലെന്ന് ഡിക് ചെയ്നി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം ട്രംപിനെ തള്ളിക്കളഞ്ഞു. എന്നാൽ നുണകളും അക്രമവും ഉപയോഗിച്ച് അധികാരത്തിൽ തുടരാൻ ട്രംപ് ശ്രമിച്ചു. ട്രംപിനെ ഇനി വിശ്വസിക്കാനാവില്ല. പാർട്ടിയേക്കാൾ പ്രാമുഖ്യം രാജ്യത്തിനു നല്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം പൗരന്മാർക്കുണ്ട്. അതിനാൽ തന്റെ വോട്ട് വൈസ് പ്രസിഡന്റ് കമലയ്ക്കാണെന്ന് ഡിക് ചെയ്നി വ്യക്തമാക്കി.
ഡിക് ചെയ്നിയുടെ ധൈര്യത്തെ മാനിക്കുന്നതായി കമല ഹാരിസിന്റെ പ്രചാരണ ടീം പ്രതികരിച്ചു. അതേസമയം, ചെയ്നി അപ്രസക്തനാണെന്ന് ട്രംപ് പറഞ്ഞു. ഇറാക്ക് അധിനിവേശത്തിൽ ചെയ്നിക്കുള്ള പങ്കിനെ സൂചിപ്പിച്ച് “അനാവശ്യവും അവസാനിക്കാത്തതുമായ യുദ്ധങ്ങളുടെ രാജാവ്” എന്നും അദ്ദേഹത്തെ ട്രംപ് അധിക്ഷേപിച്ചു. ചെയ്നിയുടെ മകളും റിപ്പബ്ലിക്കൻ നേതാവുമായ ലിസ് ചെയ്നിയും കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ അനുകൂലിച്ച് വോട്ട് ചെയ്ത പത്ത് റിപ്പബ്ലിക്കൻ നേതാക്കളിലൊരാളാണ് ലിസ്.
Source link