വിതുര: ഒഴിഞ്ഞ 10 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവന്നാൽ 2 ഗപ്പി മീനുകൾ സമ്മാനം. ഈപദ്ധതി നടപ്പിലാക്കിയത് വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനസൃഷ്ടിക്കുക എന്ന ആശയം വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ’10 കുപ്പിക്ക് 2 ഗപ്പി ‘ ആവിഷ്കരിച്ചത്.
കൊതുകിന്റെ ലാർവയെ നിയന്ത്രിക്കാനുള്ള ഗപ്പി മീനിന്റെ ശേഷിയാണ് സമ്മാനമായി ഈ മീൻ തിരഞ്ഞെടുക്കാൻ വോളന്റിയർമാരെ പ്രേരിപ്പിച്ചത്. ലഭിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് വേസ്റ്റ് ബിന്നുകൾ നിർമ്മിക്കുമെന്ന് വോളന്റിയർമാർ പറഞ്ഞു.
തുണിസഞ്ചികളുടെ വിപണനോദ്ഘാടവും
പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറച്ച് തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വോളന്റിയർമാർ ജീവിതോപാധിയായി നൽകിയ തയ്യൽ യൂണിറ്റിലൂടെ ഉത്പാദിപ്പിച്ച തുണിസഞ്ചികളുടെ വിപണനോദ്ഘാടവും നിർവഹിച്ചു.
ഇതിൽനിന്നുള്ള വരുമാനം വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും.
പദ്ധതികൾ വിതുരപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മജ്ജുഷ.എ.ആർ, വൈസ് പ്രിൻസിപ്പൽ സിന്ധുദേവി, എൻ.എസ്.എസ് തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ മാത്തൻ ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ.വി.പി, അദ്ധ്യാപകരായ മനോജ്.പി.എസ്, ഷിബു.ആർ, പ്രശാന്ത്.കെ.എൽ,വോളന്റിയർ ലീഡർമാരായ ഷെയിൻ ഷൈജു,അതുൽ എന്നിവർ പങ്കെടുത്തു.
Source link