നിവിൻ കേരളത്തിലായിരുന്നെന്ന വാദം പൊലീസ് അന്വേഷിക്കട്ടെ; പരാതിക്കാരിയുടെയും ഭർത്താവിന്റെയും മൊഴിയെടുത്ത് പൊലീസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുക്കുന്നു. ആലുവയിൽ വച്ചാണ് മൊഴിയെടുക്കുന്നത്. പീഡനം നടന്നെന്ന് പറയുന്ന സമയത്ത് നിവിൻ കേരളത്തിലുണ്ടായിരുന്നുവെന്ന വാദം അന്വേഷിക്കട്ടേയെന്ന് യുവതി പ്രതികരിച്ചു.
2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നൽകിയ പരാതി. ഡിസംബർ പതിനാലിന് നിവിൻ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
എന്നാൽ 2023 ഡിസംബർ പതിനാലിന് നിവിൻ തനിക്കൊപ്പം “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാർവതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡി ജി പി പരാതി നൽകിയിട്ടുണ്ട്. തന്റെ പാസ്‌പോർട്ടിന്റെ പകർപ്പും അദ്ദേഹം ഹാജരാക്കിയിരുന്നു. പരാതിയിൽ പറയുന്ന ഹോട്ടലിൽ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നാണ് വിവരം.
നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.
Source link