പള്ളിക്കലിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

പള്ളിക്കൽ: ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ കാട്ടുപുതുശേരിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളച്ചാൽ ചരുവിളവീട്ടിൽ മുജീബി (40)നെയാണ് പള്ളിക്കൽ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് ഓയൂർ വട്ടപ്പാറ ഷിബുനിവാസിൽ ഷിഹാബുദ്ദീൻ(45) കൊലപ്പെട്ടത്.
മുജീബിന്റെ ഭാര്യയുമായി ഷിഹാബുദീനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മുജിബീന്റെ വീട്ടിൽ പലപ്പോഴും ഷിഹാബുദ്ദീൻ വരാറുണ്ടായിരുന്നു. എന്നാൽ, ഇത് മുജീബ് വിലക്കി. സംഭവദിവസം മുജീബ് വീട്ടിലെത്തിയപ്പോൾ ഷിഹാബുദീൻ അവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നമുണ്ടാവുകയും മുജീബ് കത്തി കൊണ്ട് ഷിഹാബുദീനെ കുത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മുജീബിനെ ഇന്നലെ പുലർച്ചെ ഒന്നോടെ ഒരു കിലോമീറ്റർ അപ്പുറത്തെ ക്രഷർ യൂണിറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. കൊല്ലം വെളിനല്ലൂർ സ്വദേശിയാണ് ഷിഹാബുദീൻ. ഭാര്യ: സലീനബീവി. മക്കൾ: ഫാത്തിമ, ഫർഹാന, ഇർഫാന. വർക്കല എ.സി.പി ദീപക് ധൻകറുടെ നേതൃത്വത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ്കുമാർ, എസ്.ഐ മാരായ ഷമീർ,രജിത്, അഭിഷേക്,ഡാൻസാഫ് സംഘം, സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Source link