തിരുവനന്തപുരം: തിരുവിതാംകൂർ സഹ.സംഘത്തിലെ നിക്ഷേപകർ പണമാവശ്യപ്പെട്ട് വീട്ടിലെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സംഘത്തിന്റെ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവും കോടതിയിൽ ഹർജി ഫയൽ ചെയ്തു.ഹർജി പരിഗണിച്ച കോടതി എതിർകക്ഷികളായ ആറുപേർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഏകപക്ഷീയമായ നിരോധന ഉത്തരവ് വേണമെന്ന ഹർജിക്കാരുടെ വാദം പ്രിൻസിപ്പൽ മുൻസിഫ് ജി.എസ്.മിഥുൻ ഗോപി അംഗീകരിച്ചില്ല. ബി.ജെ.പി നേതാവും സംഘം മുൻ പ്രസിഡന്റുമായ എം.എസ്.കുമാർ,ഡയറക്ടർ ബോർഡ് അംഗം എസ്.ഗണപതി പോറ്റി എന്നിവരാണ് ഹർജിക്കാർ.
നിലവിൽ സംഘത്തിൽ അഡ്മിനിസ്ട്രറ്റീവ് ഭരണമാണെന്നും തങ്ങളുടെ വീട്ടിലേക്ക് പണമാവശ്യപ്പെട്ട് എത്തുന്നത് തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.ആകെ നിക്ഷേപമായ 41 കോടി രൂപയിൽ 20 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. സഹകരണ വകുപ്പിന്റെ കണക്കുപ്രകാരം 900 നിക്ഷേകർക്ക് പണം നൽകാനുണ്ട്. ഫോർട്ട് പൊലീസ് 25 കേസും മെഡിക്കൽകോളേജ് പൊലീസ് മൂന്ന് കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
Source link