തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി,​ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള നേമം,​ കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി വിജ്ഞാപനം പുറത്തിറങ്ങി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നുമാകും ഇനി അറിയപ്പെടുക. റെയിൽവേ ബോർഡിന്റെ ഉത്തരവ് കൂടി പുറത്തുവന്നാൽ ഔദ്യോഗികമായി പേരു മാറ്റം നിലവിൽ വരും. പേര് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. വിജ്ഞാപനം പുറത്തിറങ്ങിയതിനാൽ ഉത്തരവ് റെയിൽവേ ഉടൻ പുറപ്പെടുവിക്കും.

തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിന്റെ പുതിയ പാതകൾ തുറക്കാൻ ഈ നടപടിയിലൂടെ കഴിയുമെന്ന് ശശി തരൂർ എം.പി പറഞ്ഞു. . ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും തരൂർ നന്ദി അറിയിച്ചു. അതേസമയം കന്യാകുമാരി – തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് ഈ വർഷം മാത്രം നല്‍കിയ വിഹിതം 940 കോടി രൂപയായിട്ടുണ്ട്. കേരളത്തിന് അനുവദിച്ചിരിക്കുന്നത് റെക്കോഡ് വിഹിതമാണെന്ന് റെയിൽവേയുടെ നിർമാണ വിഭാഗം അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പാറശാലവരെയുള്ള 30 കിലോമീറ്റർ പാതയാണ് കേരളത്തിന്റേത്. ബാക്കി വരുന്നത് തമിഴ്‌നാടിന്റെ റെയിൽപാതയാണ്.

രണ്ടാം പാത നിർമാണത്തിന് മുന്നോടിയായി വിവിധ ജോലികളുടെ കരാറും നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം സൗത്ത് (നേമം) ടെർമിനലിന്റെ നിർമാണവും പുരോഗമിക്കുകയാണ്. സൗത്തിൽ നിന്ന് പാറശാലവരെയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി അടുത്ത മാസം ആദ്യത്തോടെ പൂർത്തിയാകും. കേരളത്തിനും തമിഴ്‌നാടിനും പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയിൽ തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് മികച്ച പരിഗണനയാണ് റെയിൽവേ ബോർഡ് നൽകുന്നത്.

തിരുവനന്തപുരം മുതല്‍ നേമം വരെയുള്ള രണ്ടാം പാതയും നേമം ടെര്‍മിനലും 2026 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നേമത്ത് 4 പ്ലാറ്റ്‌ഫോമുകളും ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്ലൈനുകളും അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്തിയിടാനാവശ്യമായ 4 സ്റ്റേബിളിങ് ലൈനുകളുമാണു നിര്‍മിക്കുന്നത്. ഭാവിയില്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ഉയര്‍ത്തിയേക്കും. കന്യാകുമാരിയില്‍ നിന്ന് നേമം വരെ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി 13 പാലങ്ങളും പുനര്‍നിര്‍മിക്കുന്നുണ്ട്.


Source link
Exit mobile version