തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ നിന്ന് അർഹതയുള്ള കുട്ടികളെ മെരിറ്റിലേക്ക് മാറ്റാതെ പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് മൂന്നാം അലോട്ട്മെന്റ് പിൻവലിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ് ഇന്നലെ രാവിലെ പിൻവലിച്ചു. ക്രമക്കേടുകൾ പരിഹരിച്ചശേഷം വൈകിട്ടോടെ പുതിയ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർക്കാർ കോളേജുകളിൽ മുന്നൂറോളവും സ്വാശ്രയ കോളേജുകളിൽ ആയിരത്തോളവും കുട്ടികൾക്ക് അലോട്ട്മെന്റിൽ മാറ്റമുണ്ടായി.
സംവരണ അട്ടിമറി ശ്രദ്ധയിൽപ്പെട്ട മന്ത്രി ആർ.ബിന്ദു, പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു. മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രണ്ട് അലോട്ട്മെന്റിന് ശേഷം വിദ്യാർത്ഥികളിൽ നിന്ന് ഇത്തവണ പുതുതായി ഓപ്ഷൻ ക്ഷണിച്ചിരുന്നു. ഇതോടെ മൂന്നാം അലോട്ട്മെന്റിൽ സംവരണ സീറ്റിൽ നിന്ന് മെരിറ്റിലേക്കുള്ള മാറ്റം അസാദ്ധ്യമായി. സംവരണ സീറ്റിൽ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് അതിൽ തന്നെ തുടരേണ്ടി വന്നു. റാങ്ക് കുറവുള്ളവർ മെരിറ്റിൽ പ്രവേശനം നേടി.അതേസമയം അലോട്ട്മെന്റിൽ ക്രമക്കേടില്ലെന്നും പുതുതായി ഓപ്ഷൻ നൽകിയവരെക്കൂടി ഉൾപ്പെടുത്തി പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നെന്നും എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു.
സെപ്തം.പത്തിനകം
പ്രവേശനം നേടണം
എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ സെപ്തം.പത്തിന് വൈകിട്ട് 3നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.
പി.എസ്.സി പരീക്ഷയിലെ ചോദ്യം
‘ബാഷ’യുടെ സംവിധായകൻ ആര്?
തിരുവനന്തപുരം: സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ’ബാഷ’ എന്ന സിനിമ സംവിധാനം ചെയ്തതാര് ? ഹയർ സെക്കൻഡറി മലയാളം ജൂനിയർ അദ്ധ്യാപക തസ്തികയിലേക്ക് പി.എസ്.സി നടത്തിയ എഴുത്തു പരീക്ഷയുടെ 55-ാം നമ്പർ ചോദ്യം. മലയാളഭാഷാ ചരിത്രവും കവിതാസാഹിത്യവും വ്യാകരണവും പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളും അരച്ചുകലക്കി കുടിച്ച് പരീക്ഷയ്ക്കെത്തിയവർ അമ്പരന്നു.
മലയാളം അദ്ധ്യാപകരാൻ ’ബാഷ’യുടെ സംവിധായകനെ അറിയണോ. 1995ൽ പുറത്തിറങ്ങിയ ’ബാഷ’ സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണയാണെന്ന് തമിഴ് സിനിമയെക്കുറിച്ച് ശരാശരിയിൽ കൂടുതൽ അറിവില്ലാത്തവരെല്ലാം കുഴങ്ങി. തീർന്നില്ല, അടുത്ത ചോദ്യം (56ാമത്തേത്) കണ്ടതോടെ വീണ്ടും ഞെട്ടി. ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ഭാഷാ സിനിമയേത് എന്നായിരുന്നു ചോദ്യം. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളാണ് ഇവയെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു.
അതേസമയം, ദൃശ്യകലാസാഹിത്യം എന്ന പേരിൽ സിനിമയും സിലബസിൽ ഉൾപ്പെടുത്തിയിരുന്നുവെന്നാണ് പി.എസ്.സിയുടെ വിശദീകരണം. സിനിമയുടെ ആവിർഭാവം, ചരിത്രം, തിരക്കഥയും സിനിമയും, ഇന്ത്യൻ സിനിമയുടെ ചരിത്രം, നവ ഇന്ത്യൻ സിനിമ, ജനപ്രിയ സിനിമ, പുതുതലമുറ സിനിമ എന്നിവയും സിലബസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
2,972 പേർക്കാണ് പരീക്ഷ എഴുതാൻ കൺഫർമേഷൻ ലഭിച്ചിരുന്നത്.
Source link