ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആയിരം രൂപ ഉത്സവബത്ത
തിരുവനന്തപുരം : കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണം ഉത്സവ ബത്തയായി ആയിരം രൂപ നൽകും. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. 2023ലും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയിൽ ഈ വർഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.
അക്കാഡമിയിൽ സെക്രട്ടറിയുടെ
തന്നിഷ്ടം മാത്രം: ഫ്രാൻസിസ്
ആലപ്പുഴ: സംഗീത നാടക അക്കാഡമി ഭരണസമിതിയെ നോക്കുകുത്തിയാക്കി സെക്രട്ടറി കരിവള്ളൂർ മുരളി സ്വന്തം ഇഷ്ടത്തിനാണ് എല്ലാം ചെയ്യുന്നതെന്ന് നാടക രചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര. അക്കാഡമി എക്സിക്യുട്ടീവ് അംഗത്വം രാജിവച്ചശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ആരോപണം.
നിർവാഹകസമിതി യോഗങ്ങൾ സാധൂകരണ കമ്മിറ്റികളായി അധഃപതിച്ചു. വിയോജിപ്പുകൾ പറയുമ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നാണ് പറയുന്നത്. അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് നൽകുന്ന അമ്മന്നൂർ മാധവചാക്യാർ പുരസ്കാരം മുരളി സെക്രട്ടറിയായി വന്ന വർഷം നൽകിയില്ല. പ്രൊഫഷണൽ നാടകരംഗത്തെ സമഗ്രസംഭാവന പുരസ്കാരം നിറുത്തലാക്കി. 1200 കലാകാരന്മാർക്ക് നൽകിവന്ന മെഡിക്കൽ ഇൻഷ്വറൻസ് എണ്ണൂറു പേർക്കായി കുറച്ചു. 2 ലക്ഷം രൂപയുടെ കവറേജ് ഒരു ലക്ഷമാക്കി. അമച്വർ നാടകമത്സരം, കഥാപ്രസംഗ ശില്പശാല, ദേശീയ സംഗീത- നൃത്തോത്സവം തുടങ്ങിയവ നടത്തുന്നില്ല. അക്കാഡമിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കിയാണ് താനും വി.ടി. മുരളിയും രാജിവച്ചത്.
റെയിൽവേ സ്റ്റേഷനുകളുടെ
പേരുമാറ്റത്തിന് അംഗീകാരം
നേമം: കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള റെയിൽവേയുടെ തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പിന്നാലെ വിജ്ഞാപനവും പുറത്തിറക്കി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്തെന്നും നേമം സ്റ്റേഷന്റേത് തിരുവനന്തപുരം സൗത്തെന്നുമാക്കി സ്റ്റേഷനിലെ ബോർഡുകൾ,ട്രെയിനുകളിലെ ബോർഡുകൾ,ടിക്കറ്റുകൾ,ഔദ്യോഗിക രേഖകൾ എന്നിവയിൽ മാറ്റം വരുത്തും.
യലഹങ്ക സ്പെഷ്യൽ ട്രെയിൻ ഓണക്കാലത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം:ബാംഗ്ളൂരിലെ യലഹങ്കയിൽ നിന്ന് എറണാകുളത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഓണക്കാലത്തേക്ക് കൂടി നീട്ടി. 19വരെയാണ് നീട്ടിയത്. എറണാകുളത്തുനിന്ന് ഞായർ, ബുധൻ,വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് രാത്രി 11ന് യലഹങ്കയിലെത്തും.യെലഹങ്കയിൽ നിന്ന് തിങ്കൾ,വ്യാഴം,ശനി ദിവസങ്ങളിൽ രാവിലെ 5ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും.ട്രെയിൻ നമ്പർ. 06101/06102. തൃശ്ശൂർ,പാലക്കാട്,പോഡന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വെെറ്റ് ഫീൽഡ്, കെ.ആർ.പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
മൂന്ന് ട്രെയിനുകൾ കോട്ടയം
വഴി തിരിച്ചുവിടും
തിരുവനന്തപുരം: എറണാകുളത്തുനിന്ന് ആലപ്പുഴയ്ക്കുള്ള റെയിൽവേ പാതയിൽ കുമ്പളം മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് ട്രാക്കിൽ ജോലി നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.
ആലപ്പുഴ വഴി സർവീസ് നടത്തിയിരുന്ന ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ് ഇന്ന് മുതൽ 12 വരെയും 18 മുതൽ 20 വരെയും കൊച്ചുവേളി-മാംഗ്ളൂർ ദ്വൈവാര അന്ത്യോദയ എക്സ്പ്രസ് 7,9,12തീയതികളിലും ചെന്നൈ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് 8നും കോട്ടയം വഴി തിരിച്ചുവിടും. മാംഗ്ളൂർ-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഇന്ന് മുതൽ 12 വരെയും 18 മുതൽ 20 വരെയും എല്ലാ സ്റ്റേഷനുകളിലും ഒരുമണിക്കൂർ വൈകും.
വൈദ്യുതി റഗലേറ്ററി കമ്മിഷൻതെളിവെടുപ്പ്
തിരുവനന്തപുരം:വൈദ്യുതി നിരക്ക് കൂട്ടാനായി കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി സംസ്ഥാന വൈദ്യുതി റഗലേറ്ററി കമ്മിഷൻ 11ന് പി.എം.ജി പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് വെള്ളയമ്പലം പഞ്ചായത്ത് ഭവനിലെ അസോസിയേഷൻ ഹാളിലേക്ക് മാറ്റി. തെളിവെടുപ്പ് രാവിലെ 10.30ന് ആരംഭിക്കും.ജൂലായ് 1 മുതൽ 2027 മാർച്ച് 31 വരെയുള്ള പുതിയ വൈദ്യുതി നിരക്കാണ് നിശ്ചയിക്കുക.
Source link