കാസർകോട്: പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി പദവി ഒഴിയുന്നതിന് തൊട്ടുമുമ്പ് കെ.രാധാകൃഷ്ണൻ പട്ടിക വിഭാഗത്തിൽപ്പെട്ടവർ കൂട്ടത്തോടെ താമസിക്കുന്ന കേന്ദ്രങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് തടയുകയും നഗർ എന്നാക്കി ഉത്തരവ് ഇറക്കിയെങ്കിലും പൂർണ അർത്ഥത്തിൽ പ്രവർത്തികമായില്ല.
കോളനി എന്നത് നീക്കം ചെയ്തെങ്കിലും സ്ഥലത്തിന്റെ പേരുകൾ മാത്രമാണ് സർക്കാർ രേഖകളിൽ ചേർക്കുന്നത്.
ഓരോ ജില്ലാ ആസ്ഥാനത്തും പേരുമാറ്റൽ നടപടി തുടങ്ങിയിരുന്നു. എന്നാൽ നിയമപരമായ സാങ്കേതിക കുരുക്ക് ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. പേരുമാറ്റം നടപ്പിലാക്കാൻ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നാണ് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഒ.ആർ.കേളു അഭിപ്രായപ്പെട്ടത്. ഭരണഘടന പ്രശ്നങ്ങൾ ഉള്ളതിനാൽ കോളനി എന്ന പേര് മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പട്ടികജാതി പട്ടികവർഗ സംഘടനാ നേതാക്കൾ പറയുന്നു.
അതത് സ്ഥലത്തിന്റെ പേരുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.മന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ ഡയറക്ടറേറ്റിൽ നിന്ന് കത്ത് ലഭിച്ചിരുന്നു. അത് പ്രകാരമാണ് കോളനി എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കിയത്. കാസർകോട് ജില്ലയിൽ ആകെയുള്ള 540 സെറ്റിൽമെന്റുകളുടെയും സ്ഥലപ്പേര് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
— രവിരാജ്,
പട്ടികജാതി വകുപ്പ് ജില്ലാ
ഓഫീസർ (കാസർകോട്)
ജാതിയുടെ മതിൽ
# ദളിതർ തങ്ങളുടെ പരിസരങ്ങളിൽ അധിവസിക്കാതിരിക്കാനും അവരെ സഹായിക്കുന്നത് ഇല്ലാതാക്കാനും തങ്ങളുടെ കിണറുകളിൽ നിന്ന് വെള്ളം കോരുന്നത് തടയാനും കുഞ്ഞുങ്ങൾ പരസ്‌പരം ഇടപഴകുന്നത് ഒഴിവാക്കാനും സവർണ സമുദായങ്ങൾക്ക് വേണ്ടി സവർണ ഭരണാധികാരികൾ പണിത ജാതിയുടെ മതിൽ ആയിരുന്നു കോളനികൾ.
# ആദിവാസി സെറ്റിൽമെന്റുകളിൽ വയനാട്ടിലെ മാനന്തവാടിയും തരുണയും മുമ്പേ തന്നെ കോളനി എന്ന പേര് ഉപേക്ഷിച്ചിരുന്നു. പേര് മാറ്റിയെങ്കിലും അവിടെയും ജനവിഭാഗം അനുഭവിക്കുന്ന ദുരിതം മാറിയിട്ടില്ല. 23.52 ലക്ഷം ദളിതർക്ക് ഇന്നും സ്വന്തമായി ഭൂമിയില്ല. ആളോഹരി നോക്കിയാൽ ഒരു വ്യക്തിക്ക് 2.52 സെന്റ് ഭൂമി മാത്രം.
പേരുമാറ്റം കേന്ദ്ര ഫണ്ടിൽ പ്രശ്നമാകുമെന്ന് മന്ത്രി ഒ.ആർ. കേളു
ഉദിനൂർ സുകുമാരൻ
കാസർകോട്: കേരളത്തിലെ പട്ടികജാതി പട്ടികവർഗ മേഖലകളിൽ കോളനി എന്നറിയപ്പെടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് അവ്യക്തതകൾ നിലവിലുണ്ടെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ .ആർ കേളു കേരളകൗമുദിയോട് പറഞ്ഞു. കോളനി എന്ന പേര് മാറ്റുന്നതിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കിടയിലും രണ്ടഭിപ്രായമുണ്ട്. പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കും വിദ്യാർത്ഥികളുടെ ഇ ഗ്രാൻഡ് ഫണ്ടിനുമുള്ള കേന്ദ്രസർക്കാർ വിഹിതം നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കോളനി എന്ന പേരിലാണ് ഇക്കാലമത്രയും കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. പെട്ടെന്ന് അത് മാറ്റി നഗർ എന്നാക്കുമ്പോൾ നിയമവശം നോക്കാനുണ്ട്. ഉത്തരവിന് മുമ്പ് നിയമഭേദഗതി കൊണ്ടുവരാതിരുന്നതാണ് പേരുമാറ്റം നടപ്പിലാക്കുന്നതിന് നിയമതടസം ഉണ്ടാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
Source link