തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ ആരോപണങ്ങൾ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്ത സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ നാല് കീഴുദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിലെ അനൗചിത്യവും ആരോപണങ്ങളുടെ ഗൗരവവും തിരിച്ചറിഞ്ഞാണിത്. നേരത്തേ അന്വേഷണത്തിന്റെ മേൽനോട്ടം മാത്രമായിരുന്നു ഡി.ജി.പിക്ക്. സേനയുടെ ഭരണ കാര്യങ്ങൾ നോക്കുന്ന പൊലീസ് മേധാവി നേരിട്ട് അന്വേഷണത്തിനിറങ്ങുക പതിവില്ല.
കീഴുദ്യോഗസ്ഥരുടെ അന്വേഷണം കൺകെട്ടാണെന്ന് ബുധനാഴ്ച ‘കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു.
എ.ഡി.ജി.പിക്കൊപ്പം ആരോപണവിധേയനായ എസ്.പി സുജിത്ത് ദാസ്, ആരോപണമുന്നയിച്ച പി.വി.അൻവർ എം.എൽ.എ എന്നിവരുടെ മൊഴിയെടുക്കുന്നതും അന്വേഷണവും ഐ.ജി ജി.സ്പർജ്ജൻകുമാർ, ഡി.ഐ.ജി തോംസൺജോസ് എന്നിവരായിരിക്കും. അൻവറിന്റെ മൊഴി ഇന്ന് ഡി.ഐ.ജി രേഖപ്പെടുത്തും. സസ്പെൻഷനിലുള്ള എസ്.പി സുജിത്തിനെ അതിനുശേഷം ഐ.ജി വിളിച്ചുവരുത്തും. സംഘത്തിലെ എസ്.പിമാരായ എസ്.മധുസൂദനൻ, എ.ഷാനവാസ് എന്നിവർക്കും ചുമതലകൾ വീതിച്ചു നൽകി. അന്വേഷണ വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറിയശേഷം, അദ്ദേഹം എ.ഡി.ജി.പിയുടെ മൊഴിയെടുക്കും. അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതും ഡി.ജി.പിയായിരിക്കും. അന്വേഷണത്തിൽ അട്ടിമറിയെന്ന ആരോപണം ഒഴിവാക്കാനാണിത്.
സ്വർണക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, സ്വർണംപൊട്ടിക്കൽ, കോടികളുടെ കൈക്കൂലി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ ഉന്നയിച്ചത്. മേലുദ്യോഗസ്ഥനായ എ.ഡി.ജി.പിയുടെ മൊഴിയെടുക്കാനും അന്വേഷിക്കാനും ഐ.ജിയുടെ സംഘത്തിന് കഴിയാത്ത സ്ഥിതിയായിരുന്നു.
അതിനിടെ, അന്വേഷണസംഘത്തിലെ ഐ.ജി ജി.സ്പർജ്ജൻകുമാറും ഡി.ഐ.ജി തോംസൺജോസും നിത്യേനയുള്ള ക്രമസമാധാന കാര്യങ്ങൾ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നും നേരിട്ട് ഡി.ജി.പിയെ അറിയിക്കാനും അജിത് കുമാർ ശുപാർശ നൽകി.
കേസ് ഡയറി
പരിശോധിക്കും
സ്വർണക്കടത്ത് കേസുകൾ, താനൂർ കസ്റ്രഡിമരണം, എടവണ്ണ കൊലപാതകം, വ്യവസായിയായ ‘മാമി’യുടെ തിരോധാനം എന്നീ കേസ് ഡയറികളും രേഖകളും പ്രത്യേകസംഘം പരിശോധിക്കും.
പി.വി.അൻവറിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാനാണ് നിർദ്ദേശം. മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങൾ സംഘം അന്വേഷിക്കില്ല.
അജിത് ഒഴിയും ?
ക്രമസമാധാന ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കാൻ എം.ആർ.അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് സൂചനയുണ്ട്. ഇതിൽ ഉടൻ തീരുമാനമാവും.
വാക്കുപാലിക്കാതെ സർക്കാർ:….
കണ്ണീരിലാണ്ട്
പോളിന്റെ കുടുംബം
പ്രദീപ് മാനന്തവാടി
പാക്കം (വയനാട്): കാട്ടാന കൊലപ്പെടുത്തിയ കുറുവ ദീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം വെള്ളച്ചാലിൽ പോളിന്റെ (50) കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായിട്ട് എട്ടുമാസം. കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ, ഭാര്യ സാലിക്ക് വനം വകുപ്പിൽ ജോലി, ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ എഴുതിത്തള്ളൽ, മകൾ സോനയുടെ വിദ്യാഭ്യാസച്ചെലവേറ്റെടുക്കൽ തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ.
സർക്കാർ സഹായത്തിന് കാത്ത് നിൽക്കാതെ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ മകൾ സോന പോൾ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വണ്ണിന് ചേർന്നു. മൂന്ന് ധനകാര്യ സ്ഥാപനങ്ങളിലാണ് കുടുംബത്തിന് വായ്പയുള്ളത്.
പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിനൊടുവിൽ നടന്ന സർവകക്ഷി യോഗത്തിലായിരുന്നു ആനുകൂല്യ പ്രഖ്യാപനം. സംഭവദിവസം 10 ലക്ഷത്തിന്റെ ചെക്ക് കൈമാറുമെന്ന് പറഞ്ഞു. അഞ്ച് ലക്ഷം നൽകി തടിയൂരാൻ അധികൃതർ ശ്രമിച്ചെങ്കിലും ബന്ധുക്കൾ കൈപ്പറ്റിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് 10 ലക്ഷത്തിന്റെ ചെക്ക് വീട്ടിലെത്തി.
സഹായത്തിനായി സെക്രട്ടേറിയറ്റ് വരെ കയറി
കഴിഞ്ഞ ഫെബ്രുവരി 16നാണ് ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. തുടർന്ന് വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് അന്ന് വൈകിട്ട് മൂന്നരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. സംഭവം നടക്കുമ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സോന. അതിനിടെ അമ്മ സാലി തോമസിനെ ശസ്ത്രക്രിയ്ക്ക് വിധേയയാക്കി. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾക്കായി സാലിയുടെ പിതാവ് സി.ഒ. തോമസ് കളക്ടറേറ്റ് മുതൽ സെക്രട്ടേറിയറ്റുവരെ എത്തി. ഇതിനിടെ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് നൽകിയ വീട് താമസയോഗ്യമല്ലാതായി. തുടർന്ന് രാഹുൽ ഗാന്ധി ഇടപെട്ട് വീട് അറ്റകുറ്റപ്പണി നടത്തി.
Source link