ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ ദിവസങ്ങളിൽ യുവതി കേരളത്തിൽ; നിവിൻ ഷൂട്ടിംഗിലായിരുന്നതിന് തെളിവ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ആദ്യം നൽകിയ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിന് ഇപ്പോൾ ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താനായി യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽ നിന്നും വിവരം ശേഖരിക്കും.
പരാതിയിൽ പറയുന്ന ഹോട്ടലിൽ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.
കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ കെയർ ഗിവറായി ശ്രേയ ജോലി വാഗ്ദാനം ചെയ്‌തു. അത് നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് ദുബായിലെത്തിച്ചു. ഇവിടെ ഹോട്ടൽ മുറിയിൽ വച്ച് മറ്റ് പ്രതികൾ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടി ഒരുമാസം മുമ്പ് യുവതി ഊന്നുകൾ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പീഡനപരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം ശുദ്ധ നുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറഞ്ഞത്. ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും സംഭവത്തിൽ പ്രതികരണവുമായെത്തി. പരാതിക്കാരി പറയുന്ന തീയതികളിൽ നിവിൻ പോളി ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു. പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14നാണ് സിനിമയില്‍ ഹിറ്റായ ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബർ ഒന്ന്, രണ്ട്, മൂന്ന്,14 എന്നീ നാല് ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് വ്യക്തമാക്കി. ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ മൂന്നാറിലായിരുന്നു ഷൂട്ടിംഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതൽ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസ് മാളിൽ ഉണ്ടായിരുന്നുവെന്നും വിശാഖ് വെളിപ്പെടുത്തി.
Source link