KERALAMLATEST NEWS

‘ഭീകര ജീവി, പൂരം കലക്കി വിജയൻ’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഒരു ഭീകര ജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വച്ച് ഒരുദിവസം പോലും മുന്നോട്ടുപോകാൻ കഴിയില്ലെന്നും സുധാകരൻ പറ‌ഞ്ഞു. കെപിസിസി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

‘മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്‌ക്കണം. എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35,000 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതാണ് പിണറായി ഭരണത്തിന്റെ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ. ഞാൻ, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നതുമാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാൻ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് എന്റെ നാട്ടുകാരനായ പിണറായി വിജയൻ. പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാജി വച്ചില്ലെങ്കിൽ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനത രംഗത്തുവരും’, കെ സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ഈ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുകയാണ്. സ്വർണ കടത്തുകാരും സ്വർണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലുള്ളത്. ഇവർ ഇനിയും തുടർന്നാൽ സെക്രട്ടേറിയറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകും. എഡിജിപി – ആർഎസ്‌എസ് കൂടിക്കാഴ്‌ച ആരോപണവും വിഡി സതീശൻ ആവർത്തിച്ചു. തൃശൂരിൽ ഒരു കമ്മീഷണർ പൂരം കലക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ എവിടെയായിരുന്നു? പിണറായി വിജയൻ ഇനി അറിയപ്പെടുന്നത് പൂരം കലക്കി വിജയൻ എന്നാകുമെന്നും വിഡി സതീശൻ പരിഹസിച്ചു.


Source link

Related Articles

Back to top button