കാരക്കാസ്: വെനസ്വേലയിൽ ഒക്ടോബർ ഒന്നുമുതൽ ക്രിസ്മസ് സീസണായി പ്രഖ്യാപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണു മഡുറോ ഇക്കാര്യമറിയിച്ചത്. എല്ലാവർക്കും സമാധാനവും സന്തോഷവും സുരക്ഷയും പകർന്ന് ക്രിസ്മസ് ആഗതമായെന്ന് മഡുറോ കൂട്ടിച്ചേർത്തു. വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണകൂടം 2019, 2020, 2021 വർഷങ്ങളിലും ക്രിസ്മസ് സീസൺ കാലേക്കൂട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ക്രിസ്മസ് സീസൺ ഒക്ടോബർ ഒന്നിനു തുടങ്ങുമെന്ന പ്രസിഡന്റ് മഡുറോയുടെ പ്രഖ്യാപനത്തിനെതിരേ വെനസ്വേലൻ ബിഷപ്സ് കോൺഫറൻസ് രംഗത്തുവന്നു. ക്രിസ്ത്യൻ വിശുദ്ധ ദിനങ്ങൾ രാഷ്ട്രീയലക്ഷ്യങ്ങൾക്കായും പ്രചാരണത്തിനായും ഉപയോഗിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു.
പ്രതിപക്ഷം പ്രസിദ്ധീകരിച്ച വോട്ടെടുപ്പു പ്രകാരം കഴിഞ്ഞ ജൂലൈ 28ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രതിപക്ഷനേതാവ് എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയ്ക്കെതിരേ വെനസ്വേലൻ നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു മണിക്കൂറുകൾക്കുശേഷമാണ് മഡുറോയുടെ പ്രഖ്യാപനം. യഥാർഥ വിജയി എഡ്മുണ്ടോയാണെങ്കിലും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേച്ചൊല്ലി രാജ്യത്ത് ഇപ്പോഴും പ്രതിഷേധം നടന്നുവരികയാണ്.
Source link