മനസിലാകാത്ത ചാർജ്ജുകൾ ബില്ലിൽ ധാരാളം, ഉദ്യോഗസ്ഥർക്ക് നൽകുന്നതോ കനത്ത ശമ്പളം, കെഎസ്ഇബിയെ ചോദ്യം ചെയ്‌ത് ജനം

കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും ‘കൊള്ള’യും ചോദ്യം ചെയ്ത് ജനസഞ്ചയം.ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും പലപേരിൽ ഈടാക്കുന്ന വിവിധ നിരക്കുകളെയും അവർ ചോദ്യംചെയ്തു.
സാധാരണ കഷ്ടിച്ച് അമ്പതോളം പേരാണ് ഇത്തരം തെളിവെടുപ്പിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഇന്നലെ എറണാകുളം ടൗൺ ഹാളിൽ നടന്ന സിറ്റിംഗിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് അഭിപ്രായം പറയാനെത്തിയത്.
ആം ആദ്മി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. വിനോദ് മാത്യു വിൽസൺ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനമാണ് വൻ ആൾക്കൂട്ടത്തിന് ഇടയാക്കിയത്. 2024 ജൂലായ് ഒന്നു മുതൽ 2027 മാർച്ച് 31വരെ ബാധകമാകുന്ന നിരക്കു വർദ്ധനയാണ് കെ. എസ്.ഇ.ബി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോർഡിന്റെ അവകാശവാദം ഖണ്ഡിച്ച് അധിക നിരക്ക് വർദ്ധന അനാവശ്യമാണെന്ന് കണക്കുകൾ സഹിതം സമർത്ഥിച്ച പെരുമ്പാവൂർ സ്വദേശി ഷാജഹാനെ കമ്മിഷൻ അഭിനന്ദിക്കുകയും ചെയ്തു.
വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്, ലീഗൽ മെമ്പർ അഡ്വ.എ. വിത്സൺ, ടെക്നിക്കൽ മെമ്പർ ബി. പ്രദീപ് എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. നാലു കേന്ദ്രങ്ങളിലായി നടത്തുന്ന തെളിവെടുപ്പിന്റെ മൂന്നാമത്തെ സിറ്റിംഗ് ആണ് ഇന്നലെ നടന്നത്. അടുത്ത സിറ്റിംഗ് 10ന് തിരുവനന്തപുരത്താണ്.
അനാവശ്യ ചാർജ്, മാേശം പെരുമാറ്റം
1. വൈദ്യുതിക്കുള്ള എനർജി ചാർജിന് പുറമേ ഫിക്സഡ് ചാർജ്, മീറ്റർ വാടക, സെസ്, സർചാർജ്, പീക്ക് അവർ അധികനിരക്ക്, ഡെപ്പോസിറ്റ്, അഡ്വാൻസ് ഡെപ്പോസിറ്റ് തുടങ്ങി ഉപഭോക്താക്കൾക്ക് മനസിലാകാത്ത വിവിധ ചാർജുകൾ ചുമത്തുന്നുവെന്നാണ് പരാതി.
2. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കനത്ത ശമ്പളം, ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളോടുള്ള മോശമായ പെരുമാറ്റം, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന റവന്യൂനഷ്ടം, പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം, വൈദ്യുതി തകരാർ പരിഹരിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷങ്ങളും ചൂണ്ടിക്കാട്ടി.
Source link