റോം: ചൊവ്വാഴ്ച രാത്രി റോമിലുണ്ടായ ഇടിമിന്നലേറ്റ് എഡി 315ൽ പണിതീർത്ത കോൺസ്റ്റന്റൈന്റെ വിജയകമാനത്തിന് (ആർച്ച് ഓഫ് കോൺസ്റ്റന്റൈൻ) കേടുപാടുകൾ. മണിക്കൂറിൽ 60 മില്ലിമീറ്റർ മഴയോടൊപ്പമുണ്ടായ മിന്നൽ മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നില്ല. 80 അടി ഉയരമുള്ള ആർച്ചിന്റെ മുകൾഭാഗത്തുനിന്ന് കൂറ്റൻ കൽക്കഷണങ്ങൾ അടർന്നുവീണു. ആർച്ചിന്റെ സമീപത്തുള്ള കൊളോസിയത്തിന്റെ താഴത്തെ നിലകളിലും നിരവധി തുരങ്കങ്ങളിലും വെള്ളം കയറി. ആർച്ച് നിൽക്കുന്ന റോമൻ ഫോറവും പരിസരങ്ങളും ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രമാണ്.
ടൂറിസ്റ്റുകൾക്ക് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നും റോമിന്റെ മേയർ റൊബേർത്തോ ഗൗൾത്തിയേരി അറിയിച്ചു. എഡി 312ൽ കോൺസ്റ്റന്റൈൻ, മാക്സെൻഷ്യസ് ചക്രവർത്തിയെ ടൈബർ നദിയിലെ മിൽവിയോ പാലത്തിനരികെവച്ചു യുദ്ധത്തിൽ തോൽപ്പിച്ചതിനെ അനുസ്മരിക്കുന്നതിനുവേണ്ടി പണിതതാണ് ഈ വിജയകമാനം.
Source link