തിരുവനന്തപുരം: സ്കൂളുകളിൽ ജൂലായ്, ഓഗസ്റ്ര് മാസങ്ങളിൽ ഉച്ചഭക്ഷണത്തിനും മുട്ട,പാൽ എന്നിവയ്ക്കും ചെലവായ തുക ലഭിച്ചിട്ടില്ലെന്ന് പ്രഥമാദ്ധ്യാപകർ പരാതിപ്പെട്ടു.
പ്രഥമാദ്ധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ജൂണിൽ ചെലവായ തുക ലഭ്യമാക്കിയെങ്കിലും തുടർന്നുള്ള രണ്ടുമാസത്തെ തുക ലഭിച്ചിട്ടില്ല.
അഡ്വാൻസായി തുക അനുവദിക്കുമെന്നുള്ള സർക്കാർ വാഗ്ദാനം പാലിക്കണമെന്നും പ്രൈമറിമേഖലയിലെ ഉച്ചഭക്ഷണത്തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും മുട്ടയും പാലും സ്കൂളിൽ എത്തിക്കുന്നതിനുള്ള കൂലിയുൾപ്പെടെയുള്ള മുഴുവൻ തുകയും പാചകവാതകത്തിന്റെ വിലയും അനുവദിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.
മെഡിക്കൽ പ്രവേശനം: ഭിന്നശേഷിക്കാർക്ക്
40 ശതമാനം മാർക്ക് മതി
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസടക്കം മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇനി യോഗ്യതാ പരീക്ഷയിൽ 40 ശതമാനം മാർക്ക് മതി. നിലവിൽ ഇത് 45ശതമാനമായിരുന്നു. നീറ്റ് പരീക്ഷയിലെ മാർഗനിർദ്ദേശ പ്രകാരമാണ് 40 ശതമാനമാക്കി ഏകീകരിച്ചത്.
ക്ഷയരോഗ വ്യാപനം 40 %
കുറഞ്ഞെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ പദ്ധതികളിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും ആറുവർഷം കൊണ്ട് സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40% കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ ഉൾക്കൊള്ളിച്ച ’എ പാത്ത് ടു വെൽനെസ്-കേരളാസ് ബാറ്രിൽ എഗെയിൻസ്റ്റ് ടി.ബി’ എന്ന ഡോക്യുമെന്റ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 83 ശതമാനം പഞ്ചായത്തുകളിലും ടിബി എലിമിനേഷൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. കാര്യക്ഷമമായ ക്ഷയരോഗ പരിചരണം ഉറപ്പാക്കുന്നതിന് കേരളത്തിന്റെ നടപടികൾ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. സി. സി. നീറ്റ് യു. ജി രണ്ടാം റൗണ്ട് കൗൺസിലിംഗ് 10 വരെ
ന്യൂഡൽഹി : എം. സി. സി നീറ്റ് യു. ജി കൗൺസിലിംഗ് രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു. ചോയ്സ് ഫില്ലിംഗ് ഇന്നു മുതൽ നടത്താം. 10ന് രജിസ്ട്രേഷൻ അവസാനിക്കും. സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് 13ന് പ്രസിദ്ധീകരിക്കും. 14 മുതൽ 20 വരെ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി പ്രവേശനം നേടണം. വെബ്സൈറ്റ് :mcc. nic. in.
ആയുഷ് ആദ്യ റൗണ്ട് ഫലം
ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി ആയുഷ് നീറ്റ് യു. ജി ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : aaccc. gov. in.
പരീക്ഷ സമയം മാറ്റി
തിരുവനന്തപുരം: സംസ്കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകളിൽ ആറിന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട സോഫ്റ്റ്വെയർ പാക്കേജ് ഓഫീസ് പരീക്ഷ അന്ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. വിവരങ്ങൾക്ക് www.ssus.ac.in.
സൈബർ സെക്യൂരിറ്റി പ്രോഗ്രാം
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല നടത്തുന്ന റസിഡൻഷ്യൽ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിന് 17 നകം രജിസ്റ്റർ ചെയ്യാം . എസ്.സി വിഭാഗത്തിന് സൗജന്യതാമസവും പഠനവും യാത്രാ സൗകര്യവും ലഭിക്കും. വെബ്സൈറ്റ്: https://duk.ac.in/skills. ഫോൺ: 7025925225.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി (കാറ്റഗറി നമ്പർ 293/2023) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546364.
എച്ച്.എസ്.ടി മലയാളം ഒഴിവ്
തിരുവനന്തപുരം: എയ്ഡഡ് സ്കൂളിൽ ( തിരുവനന്തപുരം ജില്ല ) എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കേൾവി കുറവ്1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. മലയാളം ബിരുദവും ബി.എഡ്/ബി.ടി/ എൽ.ടി പാസായിരിക്കണം. പ്രായപരിധി : 18 - 40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ). അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 11 നകം പേര് രജിസ്റ്റർ ചെയ്യണം.
Source link