പൊളിപ്പന്ത്…
അനീഷ് ആലക്കോട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസൺ കിക്കോഫിലേക്ക് ഇനി വെറും ഏഴു ദിനങ്ങളുടെ അകലം മാത്രം. അടുത്ത വെള്ളിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള പോരാട്ടത്തോടെ ഐഎസ്എൽ 2024-25 സീസണിനു പന്തുരുളും. തിരുവോണദിനത്തിൽ പഞ്ചാബ് എഫ്സിക്കെതിരേയാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കലൂർ സ്റ്റേഡിയത്തിലെ ഈ പോരാട്ടത്തോടെ ഐഎസ്എല്ലിൽ ശാസ്ത്ര 2.0 ദിനങ്ങൾ അതിന്റെ പാരമ്യത്തിലേക്കെത്തും. ഐഎസ്എല്ലിൽ ഇത്തവണ ഉപയോഗിക്കുന്ന ഔദ്യോഗിക പന്താണ് ശാസ്ത്ര 2.0. കഴിഞ്ഞ 10 സീസണുകളിൽ ഉപയോഗിച്ച പന്തുകളെ അപേക്ഷിച്ച് വേറെ ലെവലാണ് ശാസ്ത്ര 2.0, പൊളിപ്പന്ത്… ഐഎസ്എൽ വർണം ശാസ്ത്ര 2.0 ഐഎസ്എൽ ഔദ്യോഗിക പന്തായ ശാസ്ത്ര 2.0 നിർമിച്ചത് നിവിയയാണ്. പന്തിൽ ഐഎസ്എൽ 2024-25 സീസണിൽ കളിക്കുന്ന 13 ടീമുകളുടെയും നിറങ്ങളുണ്ട്. ഏറ്റവും മികച്ച സിന്തറ്റിക് ലെതറും ഡ്യൂറബിൾ റബറും ഉപയോഗിച്ചാണ് ശാസ്ത്ര 2.0 നിർമിച്ചിരിക്കുന്നത്. എട്ട് പാനൽ കൺസ്ട്രക്ഷൻ രീതിയിലാണ് പന്തിന്റെ ലെയറുകൾ. പന്ത് വായുവിൽ ഗംഭീരമായി തിരിയുന്നതിന് ഇതു സഹായിക്കും. സെറ്റ് പീസുകളിൽ ബെൻഡിംഗ് ഗോളുകൾക്ക് ഏറെ സഹായകമാകുന്നതാണ് ശാസ്ത്ര 2.0 എന്നു ചുരുക്കം. പന്തിൽ കൃത്യമായ നിയന്ത്രണം ലഭിക്കാനും ഈ വിദ്യ ഉപകാരപ്രദമാണ്. ഫിഫ ക്വാളിറ്റി പന്ത് നിർമാണത്തിലെ അവസാന ഘട്ടമായ തെർമോബോണ്ടിംഗിലും ശാസ്ത്ര 2.0യിൽ ശ്രദ്ധേയ മാറ്റമുണ്ട്. വെള്ളമുൾപ്പെടെയുള്ളവ ഉള്ളിൽ കടക്കാതിരിക്കാൻ ചൂടും പശയും ഉപയോഗിച്ച് അതിസൂക്ഷ്മമായാണ് തെർമോബോണ്ടിംഗ് നടത്തിയിരിക്കുന്നത്.
കൈകൊണ്ടുള്ള തുന്നൽ രീതി അല്ല ഉപയോഗിച്ചതെന്നു സാരം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലുള്ള മുൻനിര ലീഗുകളിൽ നടത്തുന്ന ടെസ്റ്റുകളെല്ലാം വിജയിച്ച്, ഫിഫ പ്രൊ ക്വാളിറ്റിയോടെയാണ് ശാസ്ത്ര 2.0 എത്തുന്നത്. പുതിയ നിയമങ്ങൾ ഐഎസ്എല്ലിൽ നാലു പുതിയ നിയമങ്ങളാണ് ഇത്തവണ നടപ്പിലാക്കുക. 1. കൺകഷൻ സബ്: നിശ്ചിത സബ്സ്റ്റിറ്റ്യൂഷനുകൾക്കു പുറമേ ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെക്കൂടി ആവശ്യമെങ്കിൽ കളത്തിലിറക്കാം. തലയ്ക്കു പരിക്കേറ്റ് ഒരുതാരത്തിനു കളി തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കുന്ന ടീമിന്റെ എതിരാളികൾക്ക് ഒരു അധിക സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും. 2. ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്: എല്ലാ ടീമുകൾക്കും ഇന്ത്യക്കാരനായ ഒരു സഹപരിശീലകൻ നിർബന്ധം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രഫഷണല് ലൈസൻസോ തത്തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം. 3. റെഡ് കാർഡിനെതിരേ അപ്പീൽ: റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ ഒരു കളിക്കാരനു റെഡ്കാർഡ് കിട്ടിയാൽ അതിനെതിരേ അപ്പീൽ നൽകാം. 4. സ്വദേശി യുവതാരം: ഓരോ ടീമിനും സ്വദേശി യുവ പ്രതിഭ വിഭാഗത്തിൽ മൂന്നു കളിക്കാരെ ഉൾപ്പെടുത്താം. ഇവർക്ക് കൂടുതൽ പ്രതിഫലം നൽകാം. അണ്ടർ 23 കളിക്കാരെ മാത്രമേ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
Source link