പാമ്പുകടിയേറ്റ് 17കാരന്റെ മരണം; സംഭവത്തില്‍ ഫോറന്‍സിക് സര്‍ജന്‍റെ കുറിപ്പ്
പാമ്പുകടിയേറ്റ് 17കാരന്റെ മരണത്തില്‍ ഫോറന്‍സിക് സര്‍ജന്‍റെ കുറിപ്പ് – Snake Bite | Poison | Death | Health News
പാമ്പുകടിയേറ്റ് 17കാരന്റെ മരണം; സംഭവത്തില്‍ ഫോറന്‍സിക് സര്‍ജന്‍റെ കുറിപ്പ്
ആരോഗ്യം ഡെസ്ക്
Published: September 05 , 2024 03:51 PM IST
Updated: September 05, 2024 04:00 PM IST
3 minute Read
Representative image. Photo Credit: ePhotocorp/istockphoto.com
പച്ചക്കറിക്കടയിലെ ചാക്കുകൾക്കിടയിൽ നിന്ന് പാമ്പിന്റെ കടിയേറ്റ് 17കാരൻ മരിച്ചത് രണ്ടു ദിവസം മുൻപാണ്. സംഭവത്തെപ്പറ്റി മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജൻ ലെവിസ് വസീമിന്റെ കുറിപ്പ് ജനശ്രദ്ധയാകർഷിക്കുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തടസ്സമായത് മറ്റ് പല ഘടകങ്ങളാണെന്നുമാണ് അദ്ദേഹം എഴുതിയത്.
04.09.24 ചില ദിവസങ്ങളിൽ വരുന്ന കേസുകൾ മനസ്സിൽ തറച്ചു മായാതെ പോയതിനാലാണോ എന്നറിയില്ല, കഴിഞ്ഞവർഷം എടുത്ത അതേ തൂലിക നിങ്ങൾക്ക് മുമ്പിൽ വരഞ്ഞിടാൻ വിരൽത്തുമ്പുകൾ നിർബന്ധിതമാകുന്നു..സാധാരണഗതിയിൽ ഫോറൻസിക് സർജന്മാർ പോലീസിന്റെ അന്വേഷണങ്ങൾക്ക് താങ്ങാവുന്ന വിധം സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങൾക്കായുള്ള മെഡിക്കൽ സർവീസുകൾ നൽകുന്നത് കുറവായിരിക്കും. എന്നാൽ മുന്നിൽ കിടക്കുന്ന ശരീരങ്ങളിൽ കത്തിവെക്കുന്ന ചില പോലീസ് സർജന്മാരെങ്കിലും ചെയ്യുന്നതിന് മുമ്പേ മരണകാരണങ്ങളും അനുബന്ധ വസ്തുതകളും കണ്ടെത്തുന്നതിലുപരി, തനിക്കീ കേസുകൾ വഴി സമൂഹത്തിന് എന്ത് പാഠം നൽകാൻ ഉണ്ട് എന്ന് ചിന്തിക്കുന്ന കമ്മ്യൂണിറ്റി ഫോറൻസിക് എന്ന ആശയം മുറുകെ പിടിക്കുന്നവർ ആയിരിക്കും.
03.09.24ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയ 17 വയസ്സുള്ള കൗമാരക്കാരന്റെ രക്തസ്രാവത്താൽ മുഖരിതമായ മുഖം മാത്രമല്ല, അവന്റെ ജീവിത സാഹചര്യങ്ങളും മരിക്കാൻ ഇടയാക്കിയ സാഹചര്യങ്ങളും മനസ്സിൽ തീരാ നോവ് ആയി അലമുറയിടുന്നു. ഒരുപക്ഷേ തന്റെ ജീവിത സാഹചര്യങ്ങളാൽ അവധി ദിവസങ്ങളിൽ പഠനത്തിന്റെ കൂടെ പച്ചക്കറിക്കടയിൽ ജോലി നോക്കിയിരുന്ന പൊന്നുമോൻ.. അന്നത്തെ ജീവിതോപാധികൾ ഭോഗിച്ച് അല്ലലില്ലാതെ മുന്നോട്ടു പോകുമ്പോൾ ഇടത്തരക്കാരുടെ സാമ്പത്തിക സംഘർഷങ്ങൾ നമുക്ക് അന്യമാണല്ലോ ല്ലേ!തലേദിവസം വൈകിട്ട് 4.30ന് കടയുടെ മൂലയിൽ നിന്നും പച്ചക്കറി പെട്ടി എടുക്കുന്നതിനിടയിൽ കൈകളിൽ എന്തോ കടിച്ചതായി തോന്നുകയും, തൊട്ടടുത്ത ക്ലിനിക്കിൽ കാണിക്കുകയും ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോവുകയും ചെയ്തു. കൊണ്ടുപോയത് ആകട്ടെ ബൈക്കിലും; അതും നിലമ്പൂർ ബൈപ്പാസ് ചെയ്ത് ഏതോ വിഷ വൈദ്യന്റെ അടുത്തേക്കും! ശാരീരിക അവശതകളും ഛർദിയും പ്രകടമായിരുന്ന അവനിൽ വൈദ്യൻ എന്തു ചെയ്തു എന്നത് വെളിവായിട്ടില്ല, പിന്നെ ആംബുലൻസിൽ കയറ്റി നിലമ്പൂരിൽ മരിച്ചെത്തിയപ്പോഴേക്കും 6 മണിയായിരുന്നു.”അടിത്തട്ടിലുള്ള പാവങ്ങളാണ് കൂടുതലും പോസ്റ്റ്മോർട്ടം ടേബിളിൽ എത്തുന്നത്” എന്ന് പണ്ട് എന്റെ ഒരു സീനിയർ പോലീസ് സർജൻ പറഞ്ഞ വാക്കുകൾ അറം പറ്റിയ പോലെ തോന്നി. ഏകദേശം 20 മിനിറ്റ് കൊണ്ട് എടക്കരയിൽ നിന്നും നിലമ്പൂരിൽ എത്തുന്നതിനു പകരം, ഒന്നരമണിക്കൂർ എടുത്തു എന്ന വസ്തുത തേങ്ങലുകൾക്കപ്പുറം മാറ്റങ്ങളിലേക്കുള്ള മുറവിളികളികൾക്ക് വഴിവക്കുന്നു.ഈ കഥയിൽ രണ്ട് കാര്യങ്ങൾ സംഭവിച്ചു: ഒന്ന് – കുട്ടിയെ കടിച്ചതിന് കൂടുതലും സാധ്യത പാമ്പാണെന്ന് അറിഞ്ഞിട്ടും, കൊണ്ടുപോകേണ്ട വിധം കൊണ്ടുപോയില്ല.രണ്ട് – നാടൻ വൈദ്യങ്ങളോടുള്ള അതിഭ്രമം കാരണമാണോ എന്നറിയില്ല, സമയത്തെ കൂട്ടുപിടിച്ച് വിഷവൈദ്യ ചികിത്സ തേടിയലഞ്ഞ് തീർച്ചയായും രക്ഷപ്പെടാമായിരുന്ന ഒരു കേസിനെ മരണത്തോട് അടുപ്പിച്ചു എന്നുള്ളതും.ഇനി കാര്യത്തിലേക്ക് വരാം: കടിയേറ്റ് കഴിഞ്ഞാൽ അത് പാമ്പാണെങ്കിലും ഉറപ്പില്ലെങ്കിലും ആദ്യം ചെയ്യേണ്ടത് കടിച്ചയാളെ പരിഭ്രാന്തിയിൽ ആക്കാതിരിക്കുക എന്നുള്ളതാണ്; അയാളെ ശാന്തനാക്കുകയും, ശ്വാസോച്ഛ്വാസം നിയന്ത്രണ വിധേയമാക്കാൻ പറയുകയും ചെയ്യുക. ഉടൻതന്നെ പ്രതിവിഷ ചികിത്സ ASV (Anti snake venom) കൊടുക്കുന്ന തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക്, കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം കൊണ്ടുപോവുകയും ചെയ്യുക. കാരണം ഇവ രണ്ടും രക്ത ചംക്രമണം കൂട്ടി വിഷവ്യാപ്തനം വർധിപ്പിക്കാൻ കാരണമാകാവുന്നതാണ്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന ഒരാളെ മുമ്പ് ഇത്തരത്തിൽ കുഴിമണ്ഡലി എന്ന അണലി വർഗ്ഗത്തിൽ പെട്ട പാമ്പ് അതിരാവിലെ കടിച്ചതിൽ ഒരു മണിക്കൂറിനുള്ളിൽ മരണപ്പെട്ട കാര്യം ഇപ്പോഴും ഓർത്തെടുക്കുന്നു. കാരണം അടുത്ത ഹോസ്പിറ്റലിലേക്ക് എത്താൻ അയാൾക്ക് അരമണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു!ബൈക്കിൽ ഒരിക്കലും കൊണ്ടുപോകാതിരിക്കുക. കൈകാലുകളിലാണ് കടി ഏറ്റതെങ്കിൽ, ആ ഭാഗങ്ങളെ ചലിപ്പിക്കാതിരിക്കാൻ വേണമെങ്കിൽ സ്പ്ലിൻറ്റ് (splint) ചെയ്യാവുന്നതാണ് (കുറച്ച് വീതിയുള്ള നീളത്തിൽ എന്തെങ്കിലും വെച്ച് അധികം മുറുകാത്ത വിധം കെട്ടുക). മുറിവുണ്ടാക്കുക, ഐസ് വെക്കുക, വായ വഴി വലിച്ചെടുക്കുക മുതലായവ പരിപൂർണമായും ഒഴിവാക്കുക.ഈ കേസിൽ മോന്റെ ഇരു കൈകളിലും 2 സെന്റീമീറ്റർ ഗ്യാപ്പിലുള്ള വിഷപ്പാമ്പുകളുടെ രണ്ട് കടിപ്പാടുകൾ (puncture fang marks) വീതം ഉണ്ടായിരുന്നു. കടിപ്പാടുകൾക്ക് താഴെ രക്തം കല്ലിച്ചു കണ്ടതിനാലും വീക്കം ഉണ്ടായതിനാലും, രക്തസ്രാവം ഉണ്ടായതിനാലും, രക്തക്കുഴലുകളെയും രക്തഗണങ്ങളെയും ബാധിക്കുന്ന (haemotoxic) അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പുകൾ ആവാനാണ് കൂടുതലും സാധ്യത, അതും ചേനത്തണ്ടൻ പോലുള്ളവ (Russel viper), കാരണം ഈ പാമ്പുകൾ ആഞ്ഞു കൊത്തുന്നവയും, ധാരാളം വിഷം അകത്തേക്ക് ചീറ്റുന്ന നിർഭയരും ആയിരിക്കും. സാധാരണഗതിയിൽ മരണം സംഭവിക്കാൻ അത്തരം അണലികളുടെ 40 മുതൽ 50 മില്ലിഗ്രാം മാത്രം വിഷം മതി. ഇരു കൈകളിലും കടി കിട്ടിയതിനാൽ മിനിമം 100 മുതൽ 200 മില്ലിഗ്രാം വരെ വിഷം അകത്തു ചെന്നിരിക്കാം (envenomtion)! പിന്നെ മരണത്തിലേക്ക് അടുക്കുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത് ശരീരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം വഴി മാത്രമായിരിക്കും (Consumption coagulopathy in acute DIC).
പറയുന്ന ഓരോ നിമിഷവും തൊണ്ടയിടറി പോകുന്ന ഈ സംഭവം സമൂഹ മനസ്സാക്ഷിയിലോട്ട് ഇട്ടു തരുന്നു :∙കടിച്ച കൈകൾ അനക്കാതെ കൊണ്ടുപോകേണ്ട ഈ കേസിൽ ആ പാവപ്പെട്ട കൗമാരക്കാരനെ ബൈക്കിൽ വെച്ച് കൊണ്ടുപോയത് പൊതുജനത്തിന്റെ അജ്ഞതയാണോ, അതോ റഫർ ചെയ്ത ആളുടെ അശ്രദ്ധയാണോ..∙പിന്നെ രക്ഷപ്പെടാനുള്ള എല്ലാ വഴികളും സമയങ്ങളും മുമ്പിലുള്ളപ്പോൾ പോലും വഴിമാറി, നാടൻ വൈദ്യങ്ങളിലേക്ക് ചേക്കേറുന്നത്, അതിനോടുള്ള ആസക്തിയാണോ, അതോ തെളിയിക്കപ്പെട്ട മെഡിക്കൽ വൈദ്യങ്ങളോടുള്ള പുച്ഛമാണോ..പ്രിയ സഹൃദയരിലേക്ക് വാതായനങ്ങൾ തുറന്നിടുന്നു, നമുക്ക് ചുറ്റും ഈ നടനം ആവർത്തിക്കാതിരിക്കാൻ, ജീവിതത്തിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്ന ആ കൗമാരക്കാരന്റെ ആത്മാവിന് മുമ്പിൽ അതിനു വേണ്ടി നിത്യശാന്തി നേർന്നുകൊണ്ട്, നല്ലൊരു നാളെക്കായി പ്രാർത്ഥിക്കുന്നു. സർവ്വശക്തൻ തുണക്കുമാറാകട്ടെ..
English Summary:
17-Year-Old Dies From Snakebite: Could Timely Medical Care Have Saved Him?
mo-health-healthnews 4lt8ojij266p952cjjjuks187u-list 49aa4it0alhben6vk5afpnoh17 mo-entertainment-common-viralnews 6r3v1hh4m5d4ltl5uscjgotpn9-list mo-health-snake-poison mo-health-snake-bite mo-health-anti-snake-venom
Source link