വിപിൻ ബാബുവിന് അന്ത്യാഞ്ജലി

മാവേലിക്കര: പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ കടലിൽ പതിച്ച് മരിച്ച പൈലറ്റും ഡെപ്യൂട്ടി കമൻഡാന്റുമായ കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവിന് (39) നാട് കണ്ണീരോടെ വിടയേകി.

മൃതദേഹം ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയിലും തുടർന്ന് വൈകുന്നേരത്തോടെ മാവേലിക്കരയിലെ വീട്ടിലും എത്തിച്ചു. വൈകിട്ട് ആറരയോടെ കണ്ടിയൂർ ശ്മശാനത്തിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാതാവ് ശ്രീലതയും ഭാര്യ ശില്പയും അഞ്ചുവയസുള്ള മകൻ സെനിതും സഹോദരി നിഷി ബാബുവും അന്ത്യോപചാരം അർപ്പിച്ചു. കോസ്റ്റ്ഗാർഡിന്റെ കൊച്ചിയിലെ ഡിസ്ട്രിക്ട് കമാൻഡർ ഡി.ഐ.ജി എൻ.രവിയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. വീട്ടിലും ശ്മശാനത്തിലും കോസ്റ്റ് ഗാർഡും കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി.

എം.എസ്. അരുൺകുമാർ എം.എൽ.എ, ഡെപ്യൂട്ടി കളക്ടർ ഡി.സി ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബസമേതം ഡൽഹിയിൽ താമസസിച്ചിരുന്ന വിപിൻ മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.


Source link
Exit mobile version