നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ മരണം
അബുജ: നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റിൽ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ 102 പേർ കൊല്ലപ്പെട്ടു. യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന. അന്പതിലേറെ മോട്ടോർ സൈക്കിളുകളിലെത്തിയ നൂറ്റന്പതിലധികം ഭീകരർ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടശേഷം വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് യോബോ സംസ്ഥാനത്തെ പോലീസ് വക്താവ് ഡൻഗസ് അബ്ദുൾകരീം പറഞ്ഞു. പ്രദേശത്തെ പ്രതിരോധ സേനാംഗങ്ങൾ രണ്ടു ബോക്കോ ഹറാം ഭീകരരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണു ഞായറാഴ്ചത്തെ ആക്രമണമെന്നു സംശയിക്കുന്നു. സൈനികർ പ്രദേശത്ത് എത്തുന്നതിനു മുന്പ് ചില മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചിരുന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.
വടക്കുകിഴക്കൻ നൈജീരിയയിൽ 2009 മുതൽ ബോക്കോ ഹറാം ഭീകരർ ആക്രമണം നടത്തിവരുന്നു. നാൽപ്പതിനായിരക്കിലേറെ പേരാണ് ഇക്കാലയളവിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ബോർനോ, യോബോ സംസ്ഥാനങ്ങളാണു ഭീകരരുടെ ആക്രമണം ഏറ്റവും നേരിടുന്നത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ വർഷം മാത്രം നൈജീരിയയിൽ 1500 പേർ കൊല്ലപ്പെട്ടു.
Source link