KERALAMLATEST NEWS

എ ഡി ജി പി എംആർ അജിത്കുമാറിനെതിരായ ആരോപണം ; മുഖ്യമന്ത്രി ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി

തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ പി,​വി. അൻവർ എം.എൽ.എ നടത്തിയ ആരോപണങ്ങളിൽ രൂക്ഷ വിമർശനമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ആരോപണങ്ങളിൽ വിശദീകരണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ഡി.ജി.പി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടിയത്.

അൻവറിന്റെ ആരോപണങ്ങൾ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തീർത്തു എന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഡി.ജി.പിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇന്ന് പി.വി.അൻവർ എം.എൽ.എ ഉന്നയിച്ചത്. ശശിയെയും എഡിജിപി എം ആർ അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങളേൽപ്പിച്ചതാണ്. അവർ ആ ചുമതല കൃത്യമായി ചെയ്തില്ലെന്നും അൻവ‌ർ ആരോപിക്കുന്നു

അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.

‘പൊലീസിനെതിരെ ഇനിയും തെളിവുണ്ട്. സർക്കാരിനെയും പാർട്ടിയെയും കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ എഡിജിപിയും പി ശശിയും ചെയ്തില്ല. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണ്. കൊന്നും കൊല്ലിച്ചും ശീലമുള്ള സംഘത്തോടാണ് ഏറ്റുമുട്ടുന്നത്. കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും. പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും. ഇതാണ് രീതി. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുകയാണ്. അജിത്കുമാറിന്റെ ഭാര്യയ്ക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. എന്നാൽ ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും അൻവർ വ്യക്തമാക്കി.


Source link

Related Articles

Back to top button