മുഖ്യമന്ത്രിയുടെ ഓഫീസിനെ കുലുക്കി അൻവർ ‘ബോംബ്, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്നു

തിരുവനന്തപുരം/ മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചു കുലുക്കി സി.പി.എം സ്വതന്ത്ര എം.എൽ.എ പി.വി.അൻവറിന്റെ ആരോപണ ബോംബ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കൊടുംക്രിമിനലാണെന്നും അൻവർ ആരോപിച്ചു. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുകയാണെന്നാണ് മറ്റൊരാരോപണം. പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസ് കരിപ്പൂരിലെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നുവെന്നും ആരോപിച്ചു.

സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിയതോടെ രണ്ടു ഉദ്യോഗസ്ഥരെയും ക്രമസമാധാനചുമതലയിൽനിന്ന് മാറ്റി നിറുത്തണമന്ന് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഡി.ജി.പി ദർവേഷ്

സാഹിബിനോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. ഇരുവരെയും മാറ്റിയേക്കും. അതിനിടെ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ സർക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിലായി.

പി.ശശിയും അജിത് കുമാറും ഉൾപ്പെട്ട ഉപജാപക സംഘം മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരി വയ്ക്കുന്നതാണ് അൻവറിന്റെ വെളിപ്പെടുത്തൽ.

ശനിയാഴ്ച മലപ്പുറം എസ്.പിക്കെതിരെ അദ്ദേഹത്തിന്റെ ഓഫീസിനുമുന്നിൽ സമരം നടത്തിയ അൻവറിനെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തി വിലക്കിയിരുന്നു.അതു വകവയ്ക്കാതെയാണ് ഇന്നലെ ആരോപണം കടുപ്പിച്ചത്.

രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച അൻവറിന് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനുള്ള സാദ്ധ്യത വിരളമാണ്.

ഭസ്മാസുരന് വരം കൊടുത്തതുപോലെ

 ഭൂമി കൈയേറിയ കേസിൽ കുടുങ്ങിയ അൻവറിനെ സംരക്ഷിച്ചതും രണ്ടാമത് നിയമസഭാ സീറ്റ് നൽകിയതും, അച്ചടക്ക നടപടിക്ക് വിധേയനായ പി.ശശിയെ ഇരട്ട പ്രൊമോഷൻ നൽകി സി.പി.എം സംസ്ഥാന കമ്മിറ്റിയിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിച്ചതും ഭസ്മാസുരന് വരം കൊടുത്തതുപോലെയായെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

 ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മലബാറിൽ ഒതുങ്ങിയ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ ശുക്രദശ തെളിഞ്ഞത് രണ്ടാം സർക്കാരിൽ പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുക്കാൻ ഏറ്റെടുത്തതോടെയാണെന്ന് പറയുന്നു.അജിത് കുമാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായി.ഡി.ജി.പി ദർവേഷ് സാഹിബിനെ മറികടന്നുള്ള ഇടപെടലുകളാണ് പൊലീസിൽ അജിത് കുമാർ നടത്തുന്നതെന്ന ആക്ഷേപവും ഉയർന്നു. ഇരുവരും തമ്മിൽ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തു.


Source link
Exit mobile version