ദ്രാവിഡ രാജസ്ഥാൻ

ജയ്പുർ: 2025 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് എത്തും. മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും രാജസ്ഥാൻ ജഴ്സിയിൽ ഒന്നിക്കുന്ന സീസണ് ആയിരിക്കും ഇതോടെ 2025. സഞ്ജുവാണ് രാജസ്ഥാന്റെ ക്യാപ്റ്റൻ. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ എത്തിച്ചതിനു പിന്നാലെ ദേശീയ പരിശീലകന്റെ കുപ്പായം ദ്രാവിഡ് അഴിച്ചിരുന്നു. രാജസ്ഥാൻ റോയൽസുമായി ദ്രാവിഡ് കരാർ ഒപ്പുവച്ചെന്നും 2025 ഐപിഎൽ മെഗാ താരലേലത്തിനു മുന്നോടിയായി കളിക്കാരെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 പരിശീലകനായിരുന്നപ്പോൾ മുതൽ ദ്രാവിഡിന്റെ ആശീർവാദത്തിലായിരുന്നു സഞ്ജു സാംസണ്. 2011, 2013 ഐപിഎൽ സീസണുകളിൽ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. 2014, 2015 സീസണുകളിൽ ടീമിന്റെ ഡയറക്ടർ, മെന്റർ സ്ഥാനങ്ങളും വഹിച്ചു.
2019ൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിക്കപ്പെട്ടു. 2021ൽ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി. 2016-17 കാലഘട്ടത്തിൽ ഡൽഹി ഡെയർഡെവിൾസ് (ക്യാപ്പിറ്റൽസ്) മെന്ററായും ഐപിഎല്ലിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ടീമിൽ ദ്രാവിഡിന്റെ സഹായിയായിരുന്ന വിക്രം റാത്തോഡിനെയും രാജസ്ഥാൻ ക്യാന്പിലെത്തിച്ചതായാണ് വിവരം. ശ്രീലങ്കൻ മുൻതാരം കുമാർ സംഗക്കാരയാണ് രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ്. കഴിഞ്ഞ സീസണിൽ മുഖ്യപരിശീലകൻ ഇല്ലാതെയാണ് രാജസ്ഥാൻ ഇറങ്ങിയത്.
Source link