ജക്കാർത്ത: മത, സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിച്ചു വളരാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. മതപരമായ അസഹിഷ്ണുതയ്ക്കെതിരേ പോരാടാനും നാനാത്വത്തിലെ ഏകത്വം കാത്തുസൂക്ഷിക്കാനും ഇന്തോനേഷ്യൻ സർക്കാരിനു കഴിയട്ടേയെന്നും മാർപാപ്പ പറഞ്ഞു. ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ ഇന്നലെ ജക്കാർത്തയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നയതന്ത്ര പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മാർപാപ്പ പ്രഭാഷണം ആരംഭിച്ചത്. ഇന്തോനേഷ്യൻ ദ്വീപുകളെ കടൽ ബന്ധിപ്പിക്കുന്നതുപോലെ, രാജ്യത്തെ വിവിധ മാനവികസമൂഹങ്ങളുടെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും വർഗങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും നേർക്കുള്ള പരസ്പര ബഹുമാനമാണ് ഇന്തോനേഷ്യക്കാരെ ഒരുമിച്ചുനിർത്തുകയും അവർക്ക് അഭിമാനിക്കാൻ വക നൽകുകയും ചെയ്യുന്നതെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ബഹുമുഖങ്ങളായ സംസ്കാരങ്ങളും വിവിധ പ്രത്യയശാസ്ത്രദർശനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഐക്യത്തെ ഉറപ്പിക്കുന്നതെന്നും ഇത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു. കത്തോലിക്കാസഭ പൊതുനന്മ ലക്ഷ്യമാക്കിയാണുപ്രവർത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ പൊതുമേഖലയുമായും സമൂഹത്തിലെ മറ്റു യാഥാർഥ്യവുമായും സഹകരിച്ചു പ്രവർത്തിക്കാനാണു ശ്രമിക്കുന്നതെന്നും പറഞ്ഞ മാർപാപ്പ, എന്നാൽ ഇതൊരിക്കലും മതപരിവർത്തനം നടത്തിക്കൊണ്ടല്ലെന്നും വ്യക്തമാക്കി.
സഭ ഏവരുടെയും വിശ്വാസത്തെ മാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ കൂടുതൽ സന്തുലിതമായ ഒരു സമൂഹഘടനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. ദൈവവിശ്വാസത്തെ ഒഴിവാക്കുന്ന സംസ്കാരത്തെ മാർപാപ്പ അപലപിച്ചു. സമാധാനം സംസ്ഥാപിതമാക്കാൻ മതങ്ങൾക്കു നിർണായക പങ്കുണ്ടെന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു. സമാധാനം ഉറപ്പാക്കുന്ന സൗഹാർദം വളർത്തിയെടുക്കാൻ മതാന്തര സംവാദം ശക്തിപ്പെടുത്താൻ സഭ ആഗ്രഹിക്കുന്നു. തീവ്രവാദികൾ മതത്തെ വളച്ചൊടിച്ച് അക്രമവും വഞ്ചനയും ഉപയോഗിച്ച് അവരുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായും മാർപാപ്പ പറഞ്ഞു. പ്രക്ഷുബ്ധമായ ലോകത്തിന്റെ നടുവിൽ സ്വാതന്ത്ര്യവും സഹിഷ്ണുതയുമാണ് ഇന്തോനേഷ്യയും വത്തിക്കാനുമായി ചേർന്നു പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. നേരത്തേ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പയ്ക്ക് ആചാരപരമായ വരവേല്പ് ലഭിച്ചു. ഇവിടെവച്ച് നയതന്ത്ര പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ ഈശോസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ജക്കാർത്തയിലെ സ്വർഗാരോപിതനാഥയുടെ കത്തീഡ്രലിൽ മെത്രാന്മാരും വൈദികരുമായി കൂടിക്കാഴ്ച നടത്തി.
Source link