മലപ്പുറം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നും സോളാർ കേസിലും ഇടപെട്ടെന്നും ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന പേരിലുള്ള വാട്സാപ്പ് ശബ്ദസന്ദേശം പുറത്തുവിട്ട് പി.വി.അൻവർ എം.എൽ.എ. ശബ്ദസന്ദേശത്തിൽ ഉദ്യോഗസ്ഥന്റെ പേര് വ്യക്തമാക്കുന്നില്ല. സ്വകാര്യതയ്ക്കുവേണ്ടി പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും ശബ്ദം സോഫ്റ്റ്‌വെയർ സഹായത്തോടെ മാറ്റംവരുത്തിയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
കഴിഞ്ഞദിവസം സാർ (പി.വി.അൻവർ) നടത്തിയ വെളിപ്പെടുത്തലുകൾ മുഴുവനായി കേട്ടെന്നും സാറിനോടുള്ള എന്റെ വിശ്വാസവും ബഹുമാനവും കൂടിയതിനാലാണ് അജിത്കുമാറിന്റെ സ്വഭാവങ്ങളും പ്രവർത്തനരീതിയും അറിയിക്കാൻ തോന്നിയതെന്നും ഏഴുമിനിറ്റുള്ള ശബ്ദസന്ദേശത്തിലുണ്ട്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം പൊലീസ് അന്വേഷിക്കട്ടെ എന്ന് അൻവർ പറഞ്ഞു.
ശബ്ദസന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ
പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെടുത്ത് യൂട്യൂബ് ചാനലിൽ സംപ്രേക്ഷേണം ചെയ്ത സംഭവത്തിൽ സാർ (പി.വി.അൻവർ) നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസിൽ കുടുക്കാതിരിക്കാൻ ഇടനിലക്കാർവഴി അജിത് സാറിന് രണ്ടുകോടി വാഗ്ദാനം ചെയ്തിരുന്നു. അതിൽ ഒന്നരക്കോടി രൂപ രണ്ടുതവണയായി അജിത് സാറിന് നൽകിയെന്ന് ചൂണ്ടിക്കാട്ടി പേര് വെളിപ്പെടുത്താതെ ഇന്റർനെറ്റ് കോളിലൂടെ പറഞ്ഞത് ഞാനായിരുന്നു.
അജിത് സാർ തീർത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. രാഷ്ട്രീയത്തിൽ കെ.സി.വേണുഗോപാലും കെ.സുരേന്ദ്രനും അടുത്ത സുഹൃത്തുക്കളാണ്. സോളാർ കേസിലെ സി.ബി.ഐ അന്വേഷണത്തിൽ വേണുഗോപാൽ അടക്കം എല്ലാപ്രമുഖരും കുറ്റവിമുക്തനാക്കപ്പെട്ടതിന് കാരണക്കാരനും അജിത്താണ്. സോളാർ പരാതിക്കാരിയുമായി അജിത്‌സാറിന് നല്ല സൗഹൃദമുണ്ടായിരുന്നു. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം അജിത് സാർ പരാതിക്കാരിയെ ബ്രെയിൻവാഷ് ചെയ്തു. കേസ് ആരന്വേഷിച്ചാലും ഒരാളും കുറ്റവാളിയാകില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. പൊലീസിന് നൽകിയ മൊഴിയിൽ ചില മാറ്റങ്ങൾ വരുത്തി പറഞ്ഞാൽ പരാതിക്കാരിക്ക് ജീവിക്കാൻ ആവശ്യമായ പണംവാങ്ങി നൽകാമെന്നും അദ്ദേഹം പറഞ്ഞു. അതിന് ഞാൻ സാക്ഷിയാണ്. ഈവാക്ക് വിശ്വസിച്ച് സി.ബി.ഐയുടെ പല ചോദ്യങ്ങൾക്കും കൃത്യമായി ഓർമ്മയില്ലെന്ന് പരാതിക്കാരി മറുപടി നൽകി. അങ്ങനെയാണ് ജയിലിലേക്ക് പോകേണ്ട പലരും നിയമസഭയിലും ലോക്‌സഭയിലും വീണ്ടും എത്തിയത്.
കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കള്ളക്കടത്തിൽ ഒരുഗ്രൂപ്പുമായി അജിത് സാറിന് കച്ചവടബന്ധമുണ്ട്. ഇതുകൈകാര്യം ചെയ്യുന്നത് തൃശൂരിലെ ഭാര്യയുടെ ബന്ധുക്കളാണ്. അദ്ദേഹത്തിന്റെ സംഘത്തിൽപ്പെടാത്ത ആര് സ്വർണം കടത്തിയാലും മലപ്പുറം എസ്.പിയായിരുന്ന സുജിത് സാറിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് അന്വേഷണസംഘം പിടികൂടും. അജിത്‌സാർ കണ്ണിയായ ദുബായിലെ കള്ളക്കടത്തുസംഘം ദുബായിലെ ഹോൾസെയിൽ ഗോൾഡ് മാർക്കറ്റിൽ നിന്ന് മലയാളികൾ ആര് സ്വർണ ബിസ്‌ക്കറ്റ് വാങ്ങിയാലും എവിടേക്കാണ് പോകുന്നതെന്ന് മനസിലാക്കി പിന്തുടരുന്ന രീതിയാണ്. ഏജന്റുമാരെ പണം കൊടുത്ത് സ്വാധീനിച്ച് കാരിയർമാരുടെ പാസ്പോർട്ടും ടിക്കറ്റ് വിവരങ്ങളും ശേഖരിച്ച് മലപ്പുറം എസ്.പി സുജിത് ദാസിന് കൈമാറും. ഇങ്ങനെയാണ് കഴിഞ്ഞ മൂന്നുവർഷം കോടിക്കണക്കിന് രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടിച്ചത്. അജിത് സാറിന്റെ സംഘം കരിപ്പൂർവഴി സ്വർണംകടത്തുകയും വലിയതോതിൽ പണം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
എതിർക്കുന്നവരെ ഒതുക്കാൻ ഐ.പി.എസുകാരുടെ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. ഈ സംഘം കേരളത്തിലെ പ്രമുഖന്മാരുടെ ഫോൺകാളുകൾ ചോർത്തുന്നുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടുന്നുണ്ട്. സൈബർ സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട് മൂലമാണ് കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണം പൂർത്തിയാവാത്തത്. സർക്കാരിനേയും പാർട്ടിയേയും തകർക്കാൻ ആട്ടിൽതോലിട്ട ചെന്നായയെ പോലെയാണ് അജിത് സാറിന്റെ നീക്കം.
Source link