സുജിത്ദാസിന് സ്ഥലംമാറ്റം അൻവറിന്റെ ആരോപണത്തിൽ അന്വേഷണം
കോട്ടയം/തിരുവനന്തപുരം: സി.പി.എമ്മിന്റെ സ്വന്തം എം.എൽ.എയായ പി.വി.അൻവർ നടത്തിയ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണമുണ്ടാകുമെന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും രാത്രി 10ആയപ്പോൾ അത് ഞെട്ടിപ്പിക്കുന്ന സംരക്ഷണ കവചമായി മാറി.
ആരോപണങ്ങൾ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിട്ടും ആരോപണ വിധേയരായ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെയും അവധിയിലുള്ള പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല.രണ്ടു പൊലീസ് ഓഫീസർമാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അജിത്കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് സസ്പെൻഷനും സ്ഥാനചലനവും ഉൾപ്പെടയുള്ള നടപടി ഉണ്ടാകുമെന്ന നിലവന്നു. എന്നാൽ രാത്രിയോടെ മൂവരെയും പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. അജിത്തിനെ മാറ്റേണ്ട എന്ന് തീരുമാനിച്ചു. പത്തനംത്തിട്ട എസ്.പി സുജിത് ദാസിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുക്കി.
പത്തനംത്തിട്ട എസ്.പിയായിരുന്ന സുജിത്ത് ദാസിനെഇന്നലെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. സുജിത്ത് സംസ്ഥാന പൊലീസ് മേധാവി മുൻപാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (1) സൂപ്രണ്ടായ വി.ജി. വിനോദ് കുമാറിനെ പുതിയ പത്തനംത്തിട്ട എസ്.പിയായി നിയമിച്ചു.എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ മാറ്റി നിറുത്തില്ലെന്നാണ് തീരുമാനമെങ്കിലും സമ്മർദ്ദമേറിയാൽ മാറ്റുമെന്നും സൂചനയുണ്ട്.
അതേസമയം,അജിത് കുമാറിന്റെ വഴിവിട്ട പ്രവൃത്തികൾക്ക് ചുക്കാൻ പിടിച്ചെന്ന് അൻവർ ആരോപിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും സംരക്ഷണകവചമുണ്ട്. എന്നാൽ, പി.ശശിക്കെതിരെയും നടപടി വേണമെന്ന ആവശ്യം സി.പി.എമ്മിലും എൽ.ഡി.എഫിലും ശക്തമാണ്.
അൻവറിന് പിന്നാലെ, പി.ശശിക്കെതിരെ വാളോങ്ങി.സി.പി.എം മുൻ എം.എൽ.എ കാരാട്ട് റസാഖ് ഇന്നലെ രംഗത്തെത്തിയതും സർക്കാരിനു തലവേദനയായിരുന്നു. ശശി പൊളിറ്റിക്കൽ
സെക്രട്ടറിയായശേഷം പാർട്ടി എം.എൽ.എമാർക്കുപോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ലെന്നും ക്രിമിനൽ,
കള്ളക്കടത്ത് മാഫിയകളാണ് അവിടെ വിലസുന്നതെന്നുമാണ് കാരാട്ട് റസാഖിന്റെ ആരോപണം.
ഡി.ജി.പി ഉൾപ്പെട്ട പൊലീസ് സംഘം അന്വേഷിക്കും
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി
ഷെയ്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സൗത്ത് സോൺ ഐ.ജിയും സിറ്റി പൊലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ , തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ,തിരുവനന്തപുരം എസ്.എസ്.ബി ഇന്റലിജൻസ് എസ്.പി എ.ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിച്ചത്.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സി.ബി.ഐ ഭീതിയും
#അജിത്തിനെതിരായ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന പരാതി ഡി.ജി.പിക്ക് ലഭിച്ചിട്ടുണ്ട്.
#പൊലീസിലെ ഉന്നതനെതിരായ ആരോപണങ്ങൾ പുറമേയുള്ള ഏജൻസി അന്വേഷിക്കണമെന്ന് കോടതിയിലും ഹർജികളെത്തിയേക്കും.
എ.ഡി.ജി.പി ദാവൂദ് ഇബ്രാഹിമിനെപ്പോലെ ക്രിമിനൽ സ്വഭാവമുള്ളയാളാണെന്ന ഭരണകക്ഷി എം.എൽ.എയുടെ വെളിപ്പെടുത്തൽ സി.ബി.ഐയ്ക്ക് വഴിതുറക്കുന്നതാണ്.
തോക്ക് സ്വന്തമാക്കാൻ അൻവർ
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും പൊലീസിലെ ഉന്നതർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.വി.അൻവർ എം.എൽ.എ തോക്ക് ലൈസൻസിന് അപേക്ഷ നൽകി. ഇന്നലെ രാവിലെ 11ന് മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ ജില്ലാ കളക്ടറുടെ ചേംബറിലെത്തിയാണ് അപേക്ഷിച്ചത്. സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്തുവിട്ടശേഷമാണ് സ്വയരക്ഷയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി തേടിയത്. കൂടുതൽ പൊലീസ് സുരക്ഷ വേണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ’തോക്ക് കിട്ടിയാൽ മതി, താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നും’ അൻവർ മറുപടി നൽകി.
കൊന്നും കൊല്ലിച്ചും നല്ല പരിചയമുള്ള വലിയ ഗുണ്ടാസംഘത്തോട് താൻ ജീവൻ പണയം വച്ചാണ് ഏറ്റുമുട്ടുന്നതെന്ന് കഴിഞ്ഞ ദിവസം അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലാണ്. ഒന്നുകിൽ താൻ ഇല്ലാതാകും. ജീവനുണ്ടെങ്കിൽ വിഷയവുമായി മുന്നോട്ടുപോകുമെന്നും അൻവർ പറഞ്ഞിരുന്നു.
Source link