മുഖംകാക്കാൻ ഒത്തുതീർപ്പ്, പാർട്ടിയിലും മുന്നണിയിലും കടുത്ത അതൃപ്തി
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും കൊള്ളരുതായ്മകളെന്ന മട്ടിൽ കടുത്ത ആരോപണം തൊടുത്ത പി.വി.അൻവർ ഇന്നലെ പിണറായി വിജയനു മുന്നിൽ പഞ്ചപുച്ഛമടക്കി ഒത്തുതീർപ്പിനു വഴങ്ങി. അൻവർ ബോംബ് നനഞ്ഞ ഓലപ്പടക്കമായി.
അതേസമയം, ശക്തമായ നടപടിയെന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി, രായ്ക്കുരാമാനം മലക്കം മറിഞ്ഞതും ആരോപണ വിധേയർക്ക് കവചം തീർത്തതും സി.പി.എമ്മിലും എൽ.ഡി.എഫിലും കടുത്ത അമർഷത്തിനിടയാക്കി. ആരോപണങ്ങൾ എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
എ.ഡി.ജി.പി അജിത്കുമാർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ഫോൺ വരെ ചോർത്തി. എല്ലാത്തിനും ഒത്താശ ചെയ്യുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്നു. ഇവയായിരുന്നു അൻവറിന്റെ കോളിളക്കം സൃഷ്ടിച്ച ആരോപണങ്ങൾ.
എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് തിങ്കളാഴ്ച കോട്ടയത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ അജിത്കുമാറിനെയിരുത്തി വീമ്പുപറഞ്ഞ മുഖ്യമന്ത്രി രാത്രി തലകീഴ് മറിയുകയായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയില്ല. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും തൊട്ടില്ല. ഇതോടെ അന്വേഷണം ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നതായി.
അണിയറ നീക്കവും
അന്വേഷണച്ചടങ്ങും
മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയതോടെ, അണിയറ നീക്കം ശക്തമായി. സി.പി.എം നേതൃത്വത്തെയും ഇരുട്ടിൽ നിറുത്തിയായിരുന്നു നീക്കങ്ങൾ. അജിത്കുമാറിനെ നീക്കണമെന്ന് ഡി.ജി.പി ദർവേഷ് സാഹിബ് മൂന്ന്മണിക്കൂർ നീണ്ട ചർച്ചയിൽ വാദിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല.
ആരോപണ വിധേയരെ സുരക്ഷിതരാക്കി തിങ്കൾ രാത്രി 11ന് പ്രഹസന അന്വേഷണ ഉത്തരവിറക്കി. അജിത്കുമാറിനെതിരെ അതിൽ പരാമർശം പോലുമില്ല. പി.ശശി ചിത്രത്തിലേയില്ല. മേൽനോട്ടം വഹിക്കുന്ന ഡി.ജി.പി ഒഴികെ, അന്വേഷണ സംഘത്തിലെ മറ്റ് നാല് പേരും അജിത്കുമാറിന് താഴെ റാങ്കിലുള്ളവർ.
പാർട്ടിയിൽ കടുത്ത
അതൃപ്തി, അമർഷം
വിവരങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പോലും രാത്രി അറിയിച്ചില്ല. അതൃപ്തി അദ്ദേഹത്തിന്റെ മുഖത്ത് ഇന്നലെ പ്രകടമായി
സമാന്തര സർക്കാരായി പ്രവർത്തിക്കുന്ന പി.ശശിയെ നീക്കാത്തതിൽ വലിയൊരു വിഭാഗം നേതാക്കളും അണികളും അമർഷത്തിലാണ്
ബോംബ് ആവി; വീണ്ടും
വിലസാൻ ഉന്നതർ
മുഖ്യമന്ത്രിയുമായി അൻവർ ഇന്നലെ നടത്തിയ കൂടിക്കാഴ്ച ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ഇരുവരും മാത്രം പങ്കെടുത്ത അരമണിക്കൂർ ചർച്ച
കഴിഞ്ഞ് മാദ്ധ്യമങ്ങളെ കണ്ട അൻവർ നനഞ്ഞ കോഴിയുടെ ഭാവത്തിലായിരുന്നു. അജിത്കുമാറിനെ നീക്കണമെന്ന ആവശ്യം പോലും ഉപേക്ഷിച്ച് കളമൊഴിഞ്ഞു.
അൻവറിന് പിന്നിൽ സി.പി.എമ്മിലെ അതികായർ ഉണ്ടെന്ന സംശയം ശക്തമായിരുന്നു. ഒരു നടപടിയുമുണ്ടാകില്ലെന്ന് കണ്ടതോടെ അൻവർ പത്തിമടക്കി വീണ്ടും മുഖ്യമന്ത്രിയുടെ വിശ്വസ്ത അനുയായിയായി. ശശിക്കെതിരെ അൻവറിനെ കളത്തിലിറക്കിയവരും അമ്പരന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാനോ, പൊലീസിലെ ചെറിയ സ്ഥലംമാറ്റങ്ങളിൽ ഇടപെടാനോ പോലും ശശി അനുവദിക്കുന്നില്ലെന്ന ആക്ഷേപം പല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ഭൂരിഭാഗം ജില്ലാ സെക്രട്ടറിമാർക്കുമുണ്ട്. അൻവറിലൂടെ ശശിയെ വീഴ്ത്തുകയെന്ന തന്ത്രമാണ് ചീറ്റിപ്പോയത്.
Source link